കോഴിക്കോട്: മെഡിക്കൽ കോളജ് അനാട്ടമി പഠനവിഭാഗത്തിന് ഏറെ സാമൂഹികബോധത്തോടെയും വിശാലമനസ്സോടെയും സ്വന്തം ദേഹം മരണശേഷം വിട്ടുകൊടുത്തവർക്ക് അധികൃതർ തിരിച്ചുനൽകിയത് കടുത്ത അനാദരവ്. പഠനശേഷം മൃതദേഹങ്ങൾ സംസ്കരിക്കാതെ ഉപേക്ഷിച്ചതിനെത്തുടർന്ന്പ ക്ഷിമൃഗാദികൾ വികൃതമാക്കുകയായിരുന്നു. 20 മൃതദേഹങ്ങൾ ഒന്നായി ഒരു കുഴിയിൽ കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
മെഡിക്കൽ കോളജിൽ ഇത് ആദ്യത്തെ സംഭവമല്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. മിക്ക സ്വകാര്യ മെഡിക്കൽ കോളജുകളിലും പഠനാവശ്യത്തിന് മൃതദേഹം കിട്ടാത്ത സന്ദർഭത്തിലാണ് കോഴിക്കോട്ട് ഇത്തരമൊരു നീചവും ക്രൂരവുമായ സംഭവം അരങ്ങേറിയത്. എം.ബി.ബി.എസ്, ബി.ഡി.എസ് ഒന്നാം വർഷവിദ്യാർഥികളും പി.ജി മെഡിക്കൽ വിദ്യാർഥികളും നിർബന്ധമായും ചെയ്യുന്ന പഠനപ്രക്രിയയാണ് മൃതദേഹങ്ങൾ കീറിമുറിച്ച് ആന്തരികപഠനം നടത്തൽ. സ്വമേധയാ ശരീരം ദാനംചെയ്യുന്നവരുടെയോ മെഡിക്കൽ കോളജ് മോർച്ചറിയിൽ അനാഥമൃതദേഹങ്ങളായി എത്തുന്നവരുടെയോ ശരീരങ്ങളാണ് ഇങ്ങനെ കഡാവറായി ഡിസക്ഷൻ ടേബിളിലെത്തുന്നത്. ശരീരത്തിൽനിന്ന് രക്തം ഊറ്റിക്കളഞ്ഞ് പകരം ഫോർമാലിൻ, ജലം, ഗ്ലൂട്ടറാൽഡിഹൈഡ് തുടങ്ങിയ എംബാമിങ് ഫ്ലൂയിഡ് ഉപയോഗിച്ച് എംബാം ചെയ്യുന്നു. മൃതദേഹം ഏറെക്കാലം കേടുകൂടാതിരിക്കാനായാണ് ഇതുചെയ്യുന്നത്. ഇങ്ങനെ സൂക്ഷിച്ച മൃതദേഹമാണ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കുക. ഓരോ ശരീരഭാഗവും കീറിമുറിച്ച് അവർ പഠിക്കുന്നു, കാൽ, കൈ, തൊറാക്സ്(നെഞ്ച്, ഹൃദയഭാഗം), അബ്ഡോമൻ (വൃക്ക, കരൾ), പെരിനിയം (മൂത്രസഞ്ചി, വിസർജ്യാവയവം) എന്നിങ്ങനെ ഭാഗിച്ചാണ് ഡിസക്ഷൻ ചെയ്യുന്നത്. ഒരു ശരീരത്തെ കീറിമുറിച്ച് പഠനവിധേയമാക്കാൻ ഒരു വർഷത്തോളമെടുക്കും.
പഠനവിധേയമാക്കിയശേഷവും ആന്തരികാവയവങ്ങൾ വൃത്തിയായ രൂപത്തിൽ തുടരുന്നുണ്ടെങ്കിൽ അവ തുടർപഠനത്തിനായി സൂക്ഷിച്ചുവെക്കുകയും ബാക്കിവരുന്ന തലയോട്ടി, അസ്ഥിക്കഷണങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും. കുഴിച്ചിടുകയോ കത്തിക്കുകയോ ആണ് ചെയ്യേണ്ടത്. മൃതശരീരം ഏറ്റുവാങ്ങുന്നതു മുതൽ സംസ്കരിക്കുന്നതുവരെ ഓരോ ഘട്ടത്തിലും ഏറെ ആദരവും ധാർമികതയും പ്രകടിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഈ അവസാനഘട്ടത്തിലാണ് കഴിഞ്ഞ ദിവസം വീഴ്ച സംഭവിച്ചത്. കരാറുകാരെൻറ കൈപ്പിഴയാണെന്നും ചുറ്റുമതിലില്ലാത്തതിനാലാണെന്നും മറ്റും പറഞ്ഞ് അധികൃതർക്ക് ഇൗ വീഴ്ചയിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് പൊതുജനവികാരം സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.