ന്യൂഡല്‍ഹി: കോഴിക്കോട് അടക്കം 23 റെയില്‍വേ സ്റ്റേഷനുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കം. നവീകരിക്കുന്ന സ്റ്റേഷനുകളില്‍ എസ്കലേറ്റര്‍, സ്വയം ടിക്കറ്റെടുക്കാവുന്ന കൗണ്ടര്‍, എക്സിക്യൂട്ടിവ് ലോഞ്ച്, റസ്റ്റാറന്‍റ്, ഹോട്ടല്‍, മാള്‍, തിയറ്റര്‍, വൈ-ഫൈ സൗകര്യം തുടങ്ങിയവ ഉണ്ടാകും.
ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പിനെ ഉപദേശകരായി റെയില്‍വേ ഈ പദ്ധതിയില്‍ നിയോഗിച്ചിട്ടുണ്ട്. 23 സ്റ്റേഷനുകളിലായി 140 ഏക്കര്‍ ഭൂമി 45 വര്‍ഷത്തെ പാട്ടത്തിന് നിര്‍മാതാക്കള്‍ക്ക് വിട്ടുകൊടുക്കും. ഡല്‍ഹിയില്‍ റെയില്‍വേ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വകുപ്പുമന്ത്രി സുരേഷ് പ്രഭുവാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് എം.പി എം.കെ. രാഘവനും പങ്കെടുത്തു. കോഴിക്കോട്ട് 52 ഏക്കര്‍ ഭൂമി റെയില്‍വേക്കുണ്ട്. ആദ്യഘട്ടത്തില്‍ നാലേക്കര്‍ വിട്ടുകൊടുക്കും.
നഗര മധ്യത്തിലെ കണ്ണായ ഭൂമിയാണെന്നിരിക്കെ ജി.എം.ആര്‍, കിറ്റ്കോ തുടങ്ങി നിരവധി കമ്പനികള്‍ കോഴിക്കോട്ടെ വികസന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന വികസന, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. 400 എ-വണ്‍, എ സ്റ്റേഷനുകള്‍ പി.പി.പി പദ്ധതിയില്‍ നവീകരിക്കാനാണ് ലക്ഷ്യം. ഇതിന് ചെലവ് ലക്ഷം കോടി രൂപയെന്നാണ് കണക്ക്.
ആദ്യഘട്ടമായാണ് 23 സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് കോഴിക്കോടിനു പുറമെ ചെന്നൈ സെന്‍ട്രലും ആദ്യഘട്ടത്തില്‍ വരും. ഭോപാല്‍, റാഞ്ചി, ബംഗളൂരു കന്‍േറാണ്‍മെന്‍റ്, ഹൗറ, ഫരീദാബാദ്, ജമ്മുതാവി, സെക്കന്തരാബാദ്, വിജയവാഡ തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകള്‍.
തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് സിറ്റികളില്‍ നഗരവികസന മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നവീകരണം ഉദ്ദേശിക്കുന്നതായി റെയില്‍വേ മന്ത്രി സുരേഷ്പ്രഭു പറഞ്ഞു. നവീകരണ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറുകളെയും ലോകബാങ്കിനെയും മറ്റും ഉള്‍പ്പെടുത്തും. വാര്‍ഷികാടിസ്ഥാനത്തില്‍ റെയില്‍വേക്ക് 10,000 കോടി രൂപയുടെ അധിക വരുമാനം പദ്ധതി വഴി ലഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.