ആക്രമണത്തിൽ പരിക്കേറ്റ ഡോ. പി.കെ. അശോകനും ഭാര്യ ഭാര്യ ഡോ. അനിത അശോകൻ

ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട് റോഡ് ഉപരോധിച്ച് പ്രതിഷേധം

കോഴിക്കോട്: രാത്രിയിൽ നഗരത്തിലെ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐ.എം.എ) നേതൃത്വത്തിലാണ് ഡോക്ടർമാർ റോഡ് ഉപരോധിച്ചത്. വൈക്ക് മുഹമ്മദ് ബഷീർ റോഡിലാണ് ഡോക്ടർമാരുടെ പ്രതിഷേധ സമരം നടന്നത്.

ശനിയാഴ്ച രാത്രിയാണ് കോഴിക്കോട് ബാങ്ക് റോഡിലെ ഫാത്തിമ ആശുപത്രിയിലാണ് രോഗിയുടെ ബന്ധുക്കളെന്ന് കരുതുന്നവർ മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകന് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആശുപത്രിയിൽ ചികിത്സയിലിരുന്ന കുന്ദമംഗലം സ്വദേശിനിയുടെ ബന്ധുക്കൾ ആക്രമിച്ചതായാണ് പരാതി. സംഭവത്തിൽ ആറു പേർക്കെതിരെ മനപൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തി നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.

പൂർണ ഗർഭിണിയായ സ്ത്രീ കഴിഞ്ഞ ദിവസം പനി ബാധിച്ച് ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സ്ത്രീയുടെ നില മെച്ചപ്പെട്ട് മുറിയിലേക്കു മാറ്റിയെങ്കിലും ബന്ധുക്കൾ ആശങ്കയറിയിച്ചപ്പോൾ സി.ടി സ്കാൻ ചെയ്തെന്നും അതിന്റെ റിപ്പോർട്ട് വൈകിയപ്പോൾ ആശുപത്രിയിൽ തർക്കമുണ്ടായെന്നുമാണ് പറയുന്നത്. നഴ്സുമാരുടെ മുറിയുടെ ചില്ല് അക്രമികൾ അടിച്ച് പൊട്ടിച്ചു.

സ്ത്രീയെ മറ്റൊരു ആശുപത്രിക്ക് മാറ്റാൻ ശ്രമം നടത്തുന്നതിനിടെ രാത്രി എട്ടോടെ ഡോ. അശോകൻ ഏഴാം നിലയിലുള്ള രോഗിയുടെ മുറിയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഡോ. അശോകന്റെ ഭാര്യ ഡോ. അനിത അശോകനാണ് സ്ത്രീയെ ചികിത്സിച്ചിരുന്നത്.

ചില്ല് പൊട്ടിച്ചതറിഞ്ഞ് എത്തിയ പൊലീസ് സംഭവം അന്വേഷിക്കുന്നതിനിടെ ഡോക്ടറുടെ മുഖത്ത് ഇടിച്ചെന്നാണ് പരാതി. രക്തത്തിൽ കുളിച്ച് കുഴഞ്ഞുവീണ ഡോക്ടറെ പൊലീസ് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, സ്ത്രീയുടെ സ്ഥിതി മോശമാണെന്നും സ്കാൻ റിപ്പോർട്ട് തന്നില്ലെന്നും വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

Tags:    
News Summary - Kozhikode road blockade protest in the incident of attack on the doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.