കോഴിക്കോട്: എറണാകുളത്തേക്ക് ഒരു ദീർഘദൂര ഒാട്ടം കിട്ടിയ സന്തോഷത്തിലായിരുന്നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിെല ടാക്സി ഡ്രൈവർ പറമ്പിൽ ബസാർ സ്വദേശി ഷിനോജ്. എന്നാൽ, ടാക്സി വിളിച്ച യുവതി എറണാകുളത്തെത്തിയപ്പോൾ പണം നൽകാതെ മുങ്ങിയതോടെ ഷിനോജ് വെട്ടിലായി.പാരാതിയുമായി പലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഫലമുണ്ടായില്ല. തിരിച്ച് കോഴിക്കോേട്ടക്ക് പോകാൻ ഡീസലടിക്കാനുള്ള പണംകൂടിയില്ലാതെ വിഷമിച്ച ഷിനോജിനെ എറണാകുളത്തെ മറ്റു ടാക്സി ഡ്രൈവർമാരാണ് പണം നൽകി സഹായിച്ചത്. യുവതിയെ കണ്ടെത്താനാകാതെ ഷിനോജിന് കോഴിക്കോേട്ടക്ക് തന്നെ മടങ്ങേണ്ടിയും വന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിലെ ടാക്സി സ്റ്റാൻഡിൽനിന്ന് യുവതി എറണാകുളത്തേക്ക് ടാക്സി വിളിക്കുന്നത്. മുപ്പത് വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന യുവതിക്കൊപ്പം അഞ്ചും നാലും വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികളും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ എറണാകുളത്ത് എത്തിയപ്പോൾ പാലാരിവട്ടത്തുള്ള നടൻ ജയറാമിെൻറ വീട്ടിലേക്ക് പോവണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ജയറാമിെൻറ വീട്ടിലെത്തിയെങ്കിലും സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് കയറ്റിയില്ല. പിന്നീട് രാവിലെ എട്ടിന് ജയറാം ഗേറ്റിനു പുറത്തേക്ക്് വന്ന് കാര്യങ്ങൾ തിരക്കുകയും ഇവരോട് പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ജയറാമിനെ തനിക്ക് നേരിട്ട് പരിചയമില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു.താൻ നടൻ ജയസൂര്യയുടെ വീട്ടിൽ മകനെ നോക്കാൻ നിന്നിരുന്നെന്നും കുറച്ച് പണത്തിന് അത്യാവശ്യം വന്നപ്പോൾ ജയറാമിെൻറ വീട്ടിൽ പോകാൻ ജയസൂര്യ പറഞ്ഞെന്നുമാണ് യുവതി ഡ്രൈവറോട് പറഞ്ഞത്.
പിന്നീട് യുവതി ആവശ്യപ്പെട്ട പ്രകാരം പാലാരിവട്ടത്തെ പി.ഒ.സി (പാസ്റ്ററൽ ഒാറിയേൻറഷൻ സെൻറർ) യിലേക്ക് വണ്ടി തിരിച്ചു. അവിടെയെത്തിയ യുവതി ഡ്രൈവറോട് രണ്ട് മിനിറ്റുെകാണ്ട് തിരിച്ചുവരാമെന്നു പറഞ്ഞ് പുറത്തേക്ക് പോയി. എന്നാൽ, നാലു മണിക്കൂറിലധികം കാത്തിരുന്നെങ്കിലും തിരിച്ചെത്തിയില്ല. സ്ഥാപനത്തിലുള്ളവരോട് അന്വേഷിച്ചപ്പോൾ യുവതിയെ കുറിച്ചറിയില്ലെന്നായിരുന്നു മറുപടിയെന്നും ഷിനോജ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.290 കിലോ മീറ്ററോളമാണ് യുവതിക്കുവേണ്ടി ടാക്സി ഒാടിയതെന്നും ഏകദേശം 8000 രൂപക്കുള്ള ഒാട്ടമാണിതെന്നും ഷിനോജ് പറഞ്ഞു. അതിനിടെ യുവതി കാറിൽ മറന്നുവെച്ച ബാഗ് പൊലീസിനു കൈമാറിയിട്ടുണ്ട്. തിരിച്ച് കോഴിക്കോെട്ടത്തിയ ഷിനോജ് ടൗൺ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.