തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെ.പി.സി.സി നടത്തുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച ജനകീയ ചർച്ച സദസ്സിൽ പങ്കെടുത്ത് നീതി നിഷേധിക്കപ്പെട്ടവർ. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പരാതികൾ കേട്ടു.
പേപ്പാറ സെറ്റിൽമെന്റ് കോളനിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിധവകളായ സാവിത്രിയും ലളിതയുമാണ് ചർച്ച സദസ്സിൽ ആദ്യം എത്തിയത്. ഇരുവർക്കും അർഹമായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. സാവിത്രിയുടെ ഭർത്താവ് തന്റെ കൃഷിയിടം ആനക്കൂട്ടം നശിപ്പിക്കുന്നത് കണ്ടു നെഞ്ചുപൊട്ടി മരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്ന കാരണത്താൽ ആനുകൂല്യം നിഷേധിച്ചു. വിതുര പേപ്പാറയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ജീവിക്കുന്ന രക്തസാക്ഷികളായി മാറിയ രാജേന്ദ്രനും തങ്കപ്പനും അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സദസ്സ് ദുഃഖ സാന്ദ്രമായി.
രാജേന്ദ്രനെ കരടിയാണ് ആക്രമിച്ചത്. ഇരു കൈകളുടെയും സ്വാധീനം നഷ്ടപ്പെട്ടു. തങ്കപ്പന്റെ അടിവയറ്റിൽ കാട്ടുപോത്ത് തേറ്റ കൊണ്ട് കുത്തി. കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു. ലക്ഷങ്ങൾ ചെലവിട്ട് ചികിത്സ ചെയ്തു. ഇവർക്ക് ലഭിച്ചതാകട്ടെ 5000 രൂപയുടെ സർക്കാർ സഹായം. മാണിക്കൽ ഗ്രാമപഞ്ചായത്തിൽനിന്നുള്ള കർഷകരുടെ പ്രധാന പരാതിയും വന്യമൃഗശല്യമാണ്. കാട്ടുപന്നിയും കുരങ്ങും മയിലും തങ്ങളുടെ കൃഷി നശിപ്പിക്കുന്നതിലുള്ള ദുഃഖം പങ്കുവെച്ചത് വാസുദേവൻ നായരും സന്തോഷ് ഇടങ്ങയിലുമാണ്.
കാരുണ്യ മെഡിക്കൽ സ്റ്റോർ വഴി മരുന്നുകൾ കിട്ടാത്തതിനുള്ള നൊമ്പരമാണ് നിർധന കിഡ്നി, വൃക്ക, അർബുദ രോഗികൾക്ക് പറയാനുണ്ടായിരുന്നത്. മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യവും സദസ്സിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.കുട്ടികൾക്കിടയിലുള്ള ലഹരിവ്യാപനത്തെക്കുറിച്ചും സദസ്സ് ചർച്ച ചെയ്തു.
പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് വികാരാധീനരായി പ്രശ്നങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ ഒന്നാം തീയതി കിട്ടേണ്ട ശമ്പളം ഇതുവരെ കിട്ടിയില്ലെന്ന പരാതി പറഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാരും ചർച്ചയിൽ പങ്കെടുത്തു. ദലിത് ക്രൈസ്തവർക്ക് നൽകിയിരുന്ന പട്ടികജാതിക്കാർക്ക് തുല്യമായ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് ചർച്ചയിൽ ആവശ്യം ഉയർന്നു. കെ-റെയിൽ പദ്ധതിയുടെ ദുരിതമനുഭവിക്കുന്നവർ ചർച്ചയിൽ പങ്കെടുത്തു. പദ്ധതി നോട്ടിഫിക്കേഷൻ ചെയ്യുക, സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങി ആവശ്യങ്ങളാണ് ഇരകളുടെ പ്രതിനിധികളായ ജോയി പള്ളിപ്പുറം, നസീറ സുലൈമാൻ എന്നിവർ ഉന്നയിച്ചത്.
പഴകുളം മധു അധ്യക്ഷതവഹിച്ചു. ശശി തരൂർ എം.പി, പാലോട് രവി, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ എം. വിൻസന്റ്, സജീവ് ജോസഫ്, ടി. സിദ്ദീഖ്, വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്, കെ.പി. ശ്രീകുമാർ, മരിയാപുരം ശ്രീകുമാർ, ജി. സുബോധൻ, ജി.എസ്. ബാബു, അയിര സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.