കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ആദ്യ മന്ത്രിസഭയിലെ അവസാന കണ്ണിയെ. ആദ്യമന്ത്രി സഭയിലെ ഏക വനിത സാന്നിധ്യം എന്നതിന് പുറമെ ജീവിച്ചിരുന്ന ഒരേയൊരു വ്യക്തികൂടിയായിരുന്നു ഇവർ. ഇ.എം.എസ് നേതൃത്വം നൽകിയ പ്രഥമ കേരള മന്ത്രിസഭയിൽ റവന്യൂ, എക്സൈസ്, േദവസ്വം വകുപ്പുകളുടെ മന്ത്രിയായിരുന്നു ഗൗരിയമ്മ.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ മന്ത്രിസഭയിൽ സി. അച്യുത മേനോർ, കെ.പി. ഗോപാലൻ, ജോസഫ് മുണ്ടശേരി, ടി.വി. തോമസ്, പി.കെ. ചാത്തൻ മാസ്റ്റർ, ടി.എ. മജീദ്, കെ.സി. ജോർജ്, വി.ആർ. കൃഷ്ണയ്യർ, എ.ആർ. മേനോർ എന്നിവരായിരുന്ന കെ.ആർ. ഗൗരിയമ്മയെ കൂടാതെ മറ്റംഗങ്ങൾ. 2014ൽ വി.ആർ. കൃഷ്ണയ്യർ വിടപറഞ്ഞതോടെ കെ.ആർ. ഗൗരിയമ്മ മാത്രമായി ആദ്യ മന്ത്രിസഭയിലെ വിപ്ലവ താരകം.
കേരള രാഷ്ട്രീയ ചരിത്രത്തിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഏറ്റവും ശ്രദ്ധേയയായ ഗൗരിയമ്മ ഇന്ത്യയിൽതന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡും സ്വന്തമാക്കിയിരുന്നു. നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജക മണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജക മണ്ഡലത്തെയും പ്രതിനിധീകരിച്ചു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. തൊഴിലാളി -കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന് സമാനതകളില്ലാത്ത അക്രമങ്ങൾ നേരിടുകയും നിരവധി തവണ തടവുശിക്ഷ നേരിടുകയും ചെയ്തു.
1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. 1954ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.