ആലപ്പുഴ: മഹാപ്രളയത്തിൽ ദുരിതബാധിതരുടെ കൈപിടിച്ച് ജനമനസ്സുകളിൽ സ്ഥാനം പിടിച്ച വി.ആർ. കൃഷ്‌ണതേജയെന്ന അന്നത്തെ സബ് കലക്ടർ ജില്ലയുടെ ഭരണചക്രം തിരിക്കാനെത്തുന്നു. വൻപ്രളയം സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം തുടങ്ങിവെച്ച പദ്ധതിയുടെ പേരുപോലെ തിരികെയെത്തുകയാണ് 'ഐ ആം ഫോർ ആലപ്പി' യുടെ തേരിൽ ആന്ധ്രപ്രദേശ് സ്വദേശിയായ കൃഷ്ണതേജ വീണ്ടും. സിവിൽ സർവിസിലെ തുടക്കക്കാരനായി മൂന്ന് വർഷമാണ് കൃഷ്ണതേജ ആലപ്പുഴയിൽ സബ് കലക്ടർ പദവി വഹിച്ചത്.
അതിനിടെയായിരുന്നു 2018 ആഗസ്റ്റിലെ മഹാപ്രളയം ആലപ്പുഴയെയും കുട്ടനാടിനെയും തകർത്തത്. പ്രളയകാലത്ത് ലഭിക്കുന്ന സഹായം പ്രളയശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടർന്നും നാട്ടുകാർക്ക് ലഭിക്കണമെന്നായിരുന്നു കൃഷ്ണതേജയുടെ ആശയം. 2018 സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച ഐ ആം ഫോർ ആലപ്പി എന്ന പദ്ധതിയിൽ, പ്രളയത്തിൽ തകർന്ന സർക്കാർ കെട്ടിടം നവീകരിക്കാൻ സഹായം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ആറുമണിക്കൂറിനുള്ളിൽ ആദ്യത്തെ സ്പോൺസറെത്തി.
പിന്നീട് സാധാരണക്കാരുടെ ഉപജീവനത്തിന് കന്നുകാലികൾ, വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റ്, സ്കൂളുകളിലെ അടിസ്ഥാന സൗകര്യം, തകർന്ന വീടുകളുടെയും സർക്കാർ കെട്ടിടങ്ങളുടെയും നവീകരണം, വീട്ടുപകരണങ്ങൾ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ വ്യത്യസ്ത തൊഴിലുകൾ ചെയ്യുന്നവർക്കുള്ള തൊഴിലുപകരണങ്ങൾ, ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകളും കൃത്രിമ അവയവങ്ങളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് ലോകത്തെമ്പാടും നിന്ന് ആലപ്പുഴയിലേക്ക് പ്രവഹിച്ചത്.
പിന്നീട് ടൂറിസം ഡയറക്ടർ പദവിൽ എത്തിയപ്പോഴും ആലപ്പുഴയെ മറന്നില്ല. കെ.ടി.ഡി.സിയുടെ കളപ്പുരയിലെ ഗെസ്റ്റ് ഹൗസിനോട് ചേർന്ന് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ താമസം ഭക്ഷണം, വിശ്രമം എന്നീ സൗകര്യത്തോടെ 'ട്രിപ്പിൾസ് ലാൻസ്' പദ്ധതി നടപ്പാക്കി.
2018ലെ നെഹ്റുട്രോഫിയുടെ പ്രധാന സംഘാടകനായിരുന്നു. സി.ബി.എൽ ആദ്യമായി വിജയകരമായി പരാതിരഹിതമായി സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ഉപവരണാധികാരിയായും കഴിവു തെളിയിച്ചു.
ജില്ലയുടെ ഭരണചുമതല ഏൽക്കുമ്പോൾ വെള്ളപ്പൊക്കം, ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ, നെഹ്റുട്രോഫി, തീരസംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങളാണ് കലക്ടറുടെ മുന്നിലുള്ളത്. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിയതിന് പകരമാണ് കൃഷ്ണതേജ എത്തുന്നത്. തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണവും പുത്തൻആശയങ്ങളും നടപ്പാകുമെന്ന പ്രതീക്ഷയിലാകാം വീണ്ടും ഒരു മഴക്കാലത്ത് കൃഷ്ണതേജയുടെ മടങ്ങിവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.