പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൌ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗം വൈകീട്ട് ആറിനും രാത്രി 11നും ഇടയിൽ പരമാവധി കുറക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം :പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൌ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗം വൈകീട്ട് ആറിനും രാത്രി 11നും ഇടയിൽ പരമാവധി കുറക്കണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു.

അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും, എ.സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും ഈ താത്ക്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണം എന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്.

പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 102.95 ദശലക്ഷം യൂനിറ്റിലേക്ക് എത്തി. കഴിഞ്ഞ വർഷം ഇതേസമയം 89.62 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങിയെത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ.എസ്.ഇ.ബി.

വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.

Tags:    
News Summary - KSEB advises that pump sets, induction stoves, water heaters, irons etc. should not be used between 6 pm and 11 pm.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.