പെൻഷൻ ബാധ്യത ഒഴിവാക്കാൻ കെ.എസ്.ഇ.ബി ശ്രമം

തൃശൂർ: 24,000 കോടി രൂപയുടെ പെൻഷൻ ബാധ്യതയിൽനിന്ന് രക്ഷപ്പെടാൻ കെ.എസ്.ഇ.ബി ശ്രമം തുടങ്ങി. നിലവിലെ ജീവനക്കാരുടെ പെൻഷൻ ബാധ്യത എൽ.ഐ.സിയെ ഏൽപിക്കാനും ബോണ്ടിറക്കി ഫണ്ട് കണ്ടെത്തുന്നതുൾപ്പെടെ സാധ്യതകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ അഭിപ്രായമാരായാൻ ശനിയാഴ്ച കെ.എസ്.ഇ.ബി ചെയർമാൻ ഓഫിസർ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

2013ൽ കെ.എസ്.ഇ.ബി കമ്പനിയാക്കിയ ശേഷമുള്ളവർക്ക് പങ്കാളിത്ത പെൻഷനാണ്. അതിനുമുമ്പുള്ളവർക്കാണ് നിയമാനുസൃത പെൻഷനുള്ളത്. ഈ വിഭാഗത്തിൽ 24,000 പേരുൾപ്പെടെ 40,000 പേരാണ് ബോർഡിൽ മൊത്തം പെൻഷൻ വാങ്ങുന്നവർ. നിലവിൽ 33,000 ജീവനക്കാരുണ്ട്. ബോർഡ് കമ്പനിയാക്കിയപ്പോൾ പെൻഷൻ ബാധ്യത തരണം ചെയ്യാൻ സർക്കാർ ഗാരന്‍റിയിൽ ബോണ്ടിറക്കി മാസ്റ്റർ ട്രസ്റ്റ് എന്ന ഫണ്ട് രൂപവത്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇതുവരെ അത് യാഥാർഥ്യമായില്ല.

നിലവിൽ താരിഫ് പെറ്റീഷൻ വഴിയാണ് പെൻഷനുള്ള തുക കണ്ടെത്തുന്നത്. ബോണ്ടിറക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ കൊടുക്കേണ്ടവർക്കുള്ള ബാധ്യത തീർക്കുകയും നിലവിലെ ജീവനക്കാരുടെ പെൻഷൻ ബാധ്യത എൽ.ഐ.സി വഴി നടപ്പാക്കാനുള്ള സാധ്യതയാണ് ബോർഡ് മുന്നോട്ടുവെച്ചിട്ടുള്ളത്. നിശ്ചിത കാലം പ്രീമിയം തുക ബോർഡ് അടച്ചാൽ പെൻഷൻ ഏറ്റെടുക്കാമെന്നാണ് എൽ.ഐ.സി വാഗ്ദാനം.

കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കെ അതിൽ നിർദേശിക്കപ്പെട്ട സ്വകാര്യവത്കരണ നയങ്ങൾ പ്രാബല്യത്തിലായാൽ പെൻഷൻ എന്നുള്ളത് സ്വപ്നമായി അവശേഷിക്കുമെന്നതാണ് ആശങ്ക. മാത്രമല്ല, വൈദ്യുതി റെഗുലേറ്ററി കമീഷൻ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാകുകയും ചെയ്യും.

പെൻഷൻ ഫണ്ടിൽ തുകയില്ലാത്ത അവസ്ഥ വന്നാൽ നിയമപ്രശ്നം ഉൾപ്പെടെ സംജാതമായേക്കും. പ്രതിവർഷം വിരമിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ ഭീമമായ തുകയാണ് പെൻഷൻ ഇനത്തിൽ ബോർഡിന് ചെലവാകുന്നത്.

Tags:    
News Summary - KSEB attempt to avoid pension liability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.