തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഡോ.ബി. അശോകിനെ നീക്കിയതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ രൂക്ഷവിമര്‍ശനം. വൈദ്യുതിനിരക്ക് വർധനയുമായി ബന്ധപ്പെട്ട അന്‍വർ സാദത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിലാണ് പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയത്. വിമർശനത്തോട് പ്രതികരിക്കാന്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി തയാറായില്ല.
അവതരണാനുമതിതേടി സംസാരിച്ച അന്‍വർ സാദത്താണ് വിമര്‍ശനത്തിന് തുടക്കം കുറിച്ചത്. ഭരണസൗകര്യത്തിന്‍റെ ഭാഗമാണെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും അശോകിനെ മാറ്റിയത് എന്തിനാണെന്ന് അരി ആഹാരം കഴിക്കുന്നവർക്കെല്ലാം അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഭരണപക്ഷ യൂനിയന്‍റെ ഇംഗിതത്തിന് വഴങ്ങിയാണ് മാറ്റം. മന്ത്രിയെ നോക്കുകുത്തിയാക്കി ബോർഡ് ഭരിച്ചവരാണ് യൂനിയൻകാരെന്നും അന്‍വര്‍ സാദത്ത് കുറ്റപ്പെടുത്തി. ബോർഡ് ഭരിക്കുന്ന ഓഫിസേഴ്‌സ് അസോസിയേഷനെതിരെ നിലപാട് എടുത്തതിനാണ് സത്യസന്ധനായ ഉദ്യോഗസ്ഥന്‍റെ സ്ഥാനം തെറിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ബോര്‍ഡിന്‍റെ അംഗീകാരമില്ലാതെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് 1200 കോടിയുടെ അധികചെലവ് വരുത്തിവെച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബോർഡിന്‍റെ വെബ്സൈറ്റില്‍ കയറി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടുന്നെന്നും ടെന്‍ഡര്‍ വിശദാംശങ്ങള്‍ കരാറുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. 12 കോടി രൂപയുടെ ആവര്‍ത്തനച്ചെലവ് വരുന്ന നിയമനങ്ങള്‍ വാട്സ്ആപിലൂടെ നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിലൊന്നും നടപടി സ്വീകരിക്കാതെയാണ് ചെയര്‍മാനെ മാറ്റിയത്. കഴിഞ്ഞ അഞ്ചുവര്‍ഷം ബോര്‍ഡ് അഴിമതിയുടെ പാരമ്യത്തിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.