തൃശൂർ: നഷ്ടക്കണക്ക് റെഗുലേറ്ററി കമീഷനെ കാണിച്ച് വൈദ്യുതി നിരക്ക് വർധിപ്പിച്ച കെ.എസ്.ഇ.ബി 736.27 കോടി പ്രവർത്തന ലാഭം ഉണ്ടാക്കിയെന്ന് വിവരാവകാശ രേഖ. 2021-22 സാമ്പത്തിക വർഷത്തെ കണക്കാണ് ഇപ്പോൾ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. 14,000 കോടിയുടെ സഞ്ചിതനഷ്ടം ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി വൈദ്യുത നിരക്ക് വർധനവിനായി റെഗുലേറ്ററി കമീഷന് കത്ത് നൽകിയത്. ഇത് അംഗീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ശരാശരി 6.6 ശതമാനം വർധന വരുത്തിയത്.
മാസങ്ങൾക്കുമുമ്പ് കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും അന്നത്തെ സി.എം.ഡി ബി. അശോകും അവകാശപ്പെട്ടിരുന്നു. അന്ന് കെ.എസ്.ഇ.ബിയുടെ ബജറ്റിൽ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി ലാഭം പെരുപ്പിച്ചു കാട്ടിയ സി.എം.ഡിക്കും ഫിനാൻസ് ഡയറക്ടർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ അധികൃതരുടെ അവകാശവാദം ഇപ്പോൾ പുറത്തുവന്ന കണക്കിലെ 736.27 കോടിയുടെ ലാഭക്കണക്കുമായി പൊരുത്തപ്പെടുന്നുമില്ല.
അതേസമയം, പെന്ഷന് ബാധ്യത പ്രകാരമുള്ള വകയിരുത്തല്‍ ഒഴിവാക്കിയാല്‍ 2018-19ല്‍ 208 കോടി രൂപയുടെയും 2019-20ല്‍ 166 കോടി രൂപയുടെയും 2020-21ല്‍ 150 കോടി രൂപയുടെയും പ്രവര്‍ത്തന ലാഭം കൈവരിച്ചതായി കെ.എസ്.ഇ.ബി കണക്കുകൾ വെളിപ്പെടുത്തുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും തുടര്‍ന്ന് കോവിഡും സൃഷ്ടിച്ച വലിയ സാമ്പത്തിക ആഘാതങ്ങളെ മറികടന്നാണ് ഈ പ്രവര്‍ത്തന ലാഭം കൈവരിച്ചതെന്നായിരുന്നു അവകാശവാദം. പക്ഷേ, റെഗുലേറ്റി കമീഷന് മുന്നിൽ സഞ്ചിത കുടിശ്ശിക സഹിതമുള്ള ബാധ്യതകൾ നിരത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്.
വിവരാവകാശ മറുപടിയിലെ ലാഭക്കണക്ക് പെന്ഷന് ബാധ്യതക്കായി നീക്കി വെക്കേണ്ട തുക കണക്കാക്കിയുള്ളതാണോ എന്നത് വ്യക്തമല്ല. രാജ്യത്തെ കമ്പനി നിയമപ്രകാരം പെന്ഷന് ട്രസ്റ്റിലേക്ക് നല്‍കേണ്ട തുക കൂടി ഉള്‍പ്പെടുത്തിയാണ് എല്ലാ സ്ഥാപനങ്ങളുടെയും വരവ് ചെലവ് കണക്കാക്കേണ്ടത്. നിരക്ക് കുറയ്ക്കാവുന്ന സാഹചര്യമുള്ളപ്പോഴും അതുയര്‍ത്താന്‍ ബോര്‍ഡ് നഷ്ടകണക്കുകള്‍ പെരുപ്പിച്ചു കാണിക്കുകയായിരുന്നെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.