ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷിതമാക്കാന്‍‍ ക്രമീകരണങ്ങളുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കെ.എസ്​.ഇ.ബി ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തില്‍ ഡേറ്റ സുരക്ഷ ഉറപ്പുവരുത്താന്‍ ക്വിക്ക് പേ സംവിധാനം വഴി പണം അടയ്‌ക്കുന്നതിന് പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ വൈദ്യുതി ബോര്‍‍ഡ് ഏര്‍പ്പെടുത്തി. വെബ്സൈറ്റിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ക്വിക്ക് പേ സംവിധാനം വഴി പണം അടയ്​ക്കുന്നതിനും ബില്‍ കാണുന്നതിനും ഇനി 13 അക്ക കണ്‍സ്യൂമര്‍ നമ്പറും കെ.എസ്​.ഇ.ബിയില്‍ രജിസ്റ്റര്‍ ചെയ്തതും എസ്.എം.എസ് ലഭിക്കുന്നതുമായ മൊബൈല്‍ നമ്പറും നൽകണം.

ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് wss.kseb.in-ല്‍ അനായാസം രജിസ്റ്റര്‍ ചെയ്യാനാകും. 30 കണ്‍സ്യൂമര്‍ നമ്പറുകള്‍ വരെ ഒരു ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിലൂടെ പരാതി രേഖപ്പെടുത്തല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാകും.

ബിസിനസ് /കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഒന്നിലേറെ കണക്​ഷന്​ പണം അടയ്ക്കുന്നതിന്, കെ.എസ്​.ഇ.ബിയുടെ കോര്‍പറേറ്റ് സര്‍വിസ് സെന്‍റര്‍ വഴി എന്‍‍ ഇ.എഫ്.ടി പേമെന്‍റ്​ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി csc@kseb.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ട്​ പണം അടയ്‌ക്കേണ്ട അക്കൗണ്ടിനെക്കുറിച്ച വിശദാംശങ്ങള്‍ ശേഖരിക്കണം. ഭാരത് ബില്‍ പേ ആപ്ലിക്കേഷനുകളുള്‍പ്പെടെ മറ്റ്​ ഓണ്‍ലൈന്‍ പേമെന്‍റ്​ സംവിധാനങ്ങള്‍ നിലവിലെ രീതിയില്‍ തന്നെ തുടരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Tags:    
News Summary - KSEB has made arrangements to secure customer data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.