തിരുവനന്തപുരം: ഉന്നത തസ്തികകളിൽ യോഗ്യരായവർ ഇല്ലെങ്കിൽ പുറമെനിന്ന് നിയമനം നടത്താമെന്ന് വ്യവസ്ഥ ചെയ്യുന്ന കരട് കമ്പനി ചട്ടം കെ.എസ്.ഇ.ബി പുറത്തിറക്കി.
ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ട്രാൻസ്മിഷൻ, സിസ്റ്റം ഓപറേഷൻ എന്നീ വിഭാഗങ്ങളിൽ ചീഫ് ജനറൽ മാനേജർ, ഡെപ്യൂട്ടി ചീഫ് ജനറൽ മാനേജർ തസ്തികയിലാണ് ഇതിനു വ്യവസ്ഥ. യോഗ്യരുടെ അഭാവത്തിൽ തൊട്ടടുത്ത കാറ്റഗറിയിൽനിന്നോ സമാന സ്വഭാവമുള്ള സർവിസുകളിൽനിന്നോ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ സംസ്ഥാന-കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽനിന്നോ പരമാവധി മൂന്ന് വർഷത്തേക്ക് യോഗ്യരെ ഡയറക്ടർ ബോർഡിന് നിയമിക്കാം.
ചീഫ് ജനറൽ മാനേജർ തസ്തികയിൽ കേഡർ സ്ട്രങ്തിന്റെ 20 ശതമാനം വരെ മൂന്ന് വർഷത്തേക്കും ഡെപ്യൂട്ടി ചീഫ് ജനറൽ മാനേജർ തസ്തികയിൽ യോഗ്യരില്ലെങ്കിൽ 30 ശതമാനം വരെ നാലു വർഷത്തേക്കും നിയമിക്കാം. ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച വ്യവസ്ഥകളാണ് കരട് ചട്ടത്തിൽ. ബോർഡിലെ ചർച്ചയുടെയും പി.എസ്.സി അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാകും നടപ്പാക്കുക. ഉന്നത എൻജിനീയർമാരുടെ തസ്തികകളുടെ പേര് മാനേജർ ആയി മാറും. ചീഫ് ജനറൽ മാനേജർ, ഡെപ്യൂട്ടി ചീഫ് ജനറൽ മാനേജർ, ജനറൽ മാനേജർ, അസി. ജനറൽ മാനേജർ എന്നീ നാല് കാറ്റഗറികളിലാണ് ഇങ്ങനെ മാറ്റം. സീനിയർ എൻജിനീയർ, എൻജിനീയർ, അസോസിയേറ്റ് എൻജിനീയർ തസ്തികൾ ഉണ്ടാകും. ലൈൻമാൻ, വർക്കർ, ഓവർസിയർ, സബ് എൻജിനീയർ തസ്തികകളുടെ പേരും മാറും. ജൂനിയർ ടെക്നീഷ്യൻ, ടെക്നീഷ്യൻ, ടെക്നിക്കൽ സൂപ്പർവൈസർ തുടങ്ങിയ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്.
പട്ടിക വിഭാഗങ്ങൾക്ക് ഏതെങ്കിലും തസ്തികയിലോ സർവിസിലോ പ്രതിനിധ്യക്കുറവുണ്ടെങ്കിൽ ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ ചെയർമാന് സ്പെഷൽ റിക്രൂട്ട്മെന്റ് നടപടി സ്വീകരിക്കാം. നിലവിലെ ഒഴിവിലേക്കോ നിയമനത്തിനായി സൃഷ്ടിക്കുന്ന സൂപ്പർ ന്യൂമററി തസ്തികയിലേക്കോ നിയമനം നടത്താം. ഒഴിവു വരുന്ന തസ്തികകളിൽ ഓരോ വർഷവും റിക്രൂട്ട്മെന്റ് നടത്തണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി അതു പ്രസിദ്ധപ്പെടുത്തിയതു മുതൽ ഒരു വർഷമാകണം. അടുത്ത കലണ്ടർ വർഷം ഉണ്ടാകുന്ന ഒഴിവുകൾ തിട്ടപ്പെടുത്തി ഓരോ വർഷവും ഏപ്രിൽ ഒന്നിനു മുമ്പായി പി.എസ്.സിയെ മുൻകൂട്ടി അറിയിക്കണം. പ്രസവ അവധിയിൽ വരുന്നത് ഒഴികെ ആറു മാസത്തേക്കോ അതിനു മുകളിലോ ഉള്ള കാലത്തേക്ക് വരുന്ന ഒഴിവുകൾ പി.എസ്.സിയെ അറിയിക്കും.
തിരുവനന്തപുരം: ജില്ല നിയമനം നേടുന്നവർ കുറഞ്ഞത് അഞ്ചുവർഷം അതേ ജില്ലയിൽ ജോലി ചെയ്യണമെന്നാണ് കരട് ചട്ടത്തിൽ വ്യവസ്ഥ. സർവിസ് ആരംഭിച്ച് അഞ്ചുവർഷ കാലയളവിൽ ഒരു ജില്ലയിൽനിന്നും മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റ അപേക്ഷ പരിഗണിക്കില്ല. പ്രമോഷനൊഴികെ അന്തർസംസ്ഥാന സ്ഥലംമാറ്റം വഴി സീനിയോറിറ്റി നഷ്ടമാകും. വർഷത്തിൽ വരുന്ന ഒഴിവിൽ 10 ശതമാനമേ അടുത്ത അഞ്ചു വർഷ ശേഷമുള്ള അന്തർജില്ല സ്ഥലംമാറ്റത്തിലൂടെ നികത്തൂ. അന്തർജില്ല സ്ഥലംമാറ്റം ആർക്കും അവകാശമായി ഉന്നയിക്കാനായില്ല. അന്തർജില്ല സ്ഥംമാറ്റത്തിൽ അതേ തസ്തികയിലെ ഏറ്റവും ജൂനിയറായ ജീവനക്കാരന്റെ ജൂനിയറായാകും പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.