തിരുവനന്തപുരം: കെ.എ.എസിൽനിന്നുള്ളവരെ പ്രധാന തസ്തികകളിൽ നിയമിക്കാനുള്ള നീക്കത്തിനു പിന്നാലെ കെ.എസ്.ഇ.ബിയിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നിർദേശം. എച്ച്.ആർ ചീഫ് എൻജിനീയർക്കാണ് കെ.എസ്.ഇ.ബി ചെയർമാൻ നിർദേശം നൽകിയത്.
ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന റെഗുലേറ്ററി കമീഷെൻറ നിർദേശമടക്കം ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് എൻജിനീയർമാരുടെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്ന നിലപാട്. തകരാറുകൾ യഥാസമയം പരിഹരിക്കാനും അറ്റകുറ്റപ്പണിക്ക് മേൽനോട്ടം നൽകാനും എൻജിനീയർമാരുടെ കുറവുണ്ട്. ഇവരുടെ ഒഴിവുകൾ നികത്താത്തത് വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കും.
നിലവിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ 240 ഒഴിവുകളാണുള്ളത്. 2026 ആകുമ്പോഴേക്ക് ഇത് 700 ആകും. പി.എസ്.സിക്ക് ഒടുവിൽ റിപ്പോർട്ട് ചെയ്തത് ആറ് ഒഴിവുകൾ മാത്രമാണ്. സബ് എൻജിനീയർമാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിൽ 400 ഒഴിവുകളാണ് സബ് എൻജിനീയർ തസ്തികയിലുള്ളത്.
സ്ഥാനക്കയറ്റവും വിരമിക്കലും ഉണ്ടാകുന്നതോടെ 2026 ആകുമ്പോഴേക്കും ഇത് 1000 ആയി വർധിക്കും. സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ പല ഓഫിസുകളിലും ആവശ്യമായ എൻജിനീയർമരെ നിയോഗിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.