തൊടുപുഴ: ഇടുക്കി ഉൾപ്പെടെ ഡാമുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് ബോർഡിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വാദം തള്ളി കെ.എസ്.ഇ.ബി. ഒാരോ ഡാമിലും കരുതൽ ജലമായി സൂക്ഷിക്കാവുന്നതിെനക്കാൾ അധികമുള്ള ജലം മാത്രമാണ് നിയന്ത്രിത അളവിൽ പുറത്തുവിടുന്നതെന്നും ഇതിലൂടെ പ്രത്യേകിച്ച് നഷ്ടമുണ്ടാകുന്നില്ലെന്നുമാണ് കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ലഭ്യമായ ജലം ൈവദ്യുതോൽപാദനം പരമാവധി വർധിപ്പിച്ച് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
ഇടുക്കി അണക്കെട്ടിെൻറ മൂന്ന് ഷട്ടർ തുറന്ന് മണിക്കൂറിൽ 0.378 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുക വഴി ബോർഡിന് എട്ടുകോടിയോളം രൂപ നഷ്ടമുണ്ടാകുമെന്ന കണക്കിനെയാണ് ബോർഡ് അധികൃതർ തള്ളുന്നത്. അണക്കെട്ടിൽ സൂക്ഷിക്കാനാവാത്ത വെള്ളമാണ് ഒഴുക്കിക്കളയുന്നത്. ഇതിൽനിന്ന് ഉൽപാദിപ്പിക്കാവുന്ന വൈദ്യുതിയുടെ വില കണക്കാക്കി നഷ്ടമായി ചിത്രീകരിക്കുന്നത് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.
ഇടുക്കി ഒഴികെ പല അണക്കെട്ടുകളും മഴയുടെ അളവ് കൂടുന്നതനുസരിച്ച് മിക്കപ്പോഴും തുറക്കാറുണ്ട്. ഡാമിൽ ഒഴുകിയെത്തുന്ന വെള്ളം പരമാവധി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചശേഷവും ജലനിരപ്പ് നിശ്ചിത അളവിൽ കൂടുതലാണെങ്കിൽ മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതിലൂടെ ബോർഡിന് പ്രത്യേകിച്ച് നഷ്ടവുമുണ്ടാകുന്നില്ല. ആഭ്യന്തര വൈദ്യുതോൽപാദനത്തെ ബാധിക്കുന്ന വിധത്തിൽ ജലം നഷ്ടപ്പെടുത്താറില്ലെന്നും അധികൃതർ പറയുന്നു.
മഴയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും മുൻകൂട്ടി കണ്ട് ജൂൺ മുതൽ ഇടുക്കിയിൽ വൈദ്യുതോൽപാദനം ഉയർത്തിയിരുന്നു. തുറന്നുവിടേണ്ടിവന്നാൽ പാഴാകുന്ന വെള്ളത്തിെൻറ അളവ് കുറക്കാനുള്ള മുൻകരുതലായിരുന്നത്രെ ഇത്. മൂലമറ്റത്ത് അറ്റകുറ്റപ്പണിയിലുള്ള ഒരു ജനറേറ്റർകൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഉൽപാദനം ഇനിയും വർധിക്കും. എങ്കിലും ഡാം കൂടുതൽ ദിവസം തുറന്നുവെക്കുന്നതിൽ കെ.എസ്.ഇ.ബിക്ക് താൽപര്യമില്ല. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾകൂടി വിലയിരുത്തിയശേഷമേ ഇടുക്കി ഡാം അടക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.