വാഗമൺ (ഇടുക്കി): ഒറ്റമുറി വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികക്ക് അരലക്ഷം രൂപയുടെ ബില്ല് നൽകി കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കൽ. 72കാരിയായ വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മക്കാണ് 49,710 രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ചത്. ബില്ല് അടക്കാതിരുന്നതിനാൽ കെ.എസ്.ഇ.ബി വീടിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. ഇപ്പോൾ ഇരുട്ടായാൽ മണ്ണെണ്ണ വിളക്കാണ് അന്നമ്മക്ക് ആശ്രയം.
അഞ്ഞൂറ് രൂപയിൽ താഴെ ബില്ലാണ് അന്നമ്മക്ക് പതിവായി ലഭിച്ചിരുന്നത്. 49,710 എന്ന ഭീമമായ തുകയുടെ ബിൽ ലഭിച്ചതോടെ ഇവർ പീരുമേട് സെക്ഷൻ ഓഫിസിൽ പരാതി നൽകി. അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായില്ലെന്ന് അന്നമ്മ പറഞ്ഞു. ഭർത്താവ് മരിച്ചതോടെ ഒറ്റക്കാണ് താമസം. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്.
ഇടിമിന്നലിൽ കേടായ മീറ്റർ കുറച്ച് നാൾ മുൻപ് മാറ്റിവെച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് അന്നമ്മ പറയുന്നു. അസുഖങ്ങളുള്ളതിനാൽപണിക്ക് പോകാൻ പറ്റുന്നില്ല. വിവാഹിതയായ മകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. പതിനേഴ് ദിവസമായി വീട്ടിൽ വൈദ്യുതിയില്ല. ഒറ്റമുറി വീട്ടിൽ ഭയത്തോടെയാണ് കഴിയുന്നതെന്നും ഇവർ പറയുന്നു.
തുക തവണകൾ ആയി അടക്കാമെന്നും റീഡിങിൽ പിഴവ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നുമാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.