തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സി.പി.എം അനുകൂല ഓഫിസർമാരുടെ സമരം പരിഹരിക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ച യോഗത്തിൽ അന്തിമ ധാരണയായില്ല. അതേസമയം, സ്ഥലം മാറ്റമടക്കമുള്ള വിഷയങ്ങളിൽ ആവശ്യമായ പരിശോധന നടത്തി ഒരാഴ്ചക്കകം പരിഹരിക്കാൻ മന്ത്രി ബോർഡിന് നിർദേശം നൽകി.
ഓഫിസർമാരുടെ സംഘടനകളുമായും തുടർന്ന് ബോർഡുമായും കൂടിയാലോചന നടത്തിയ മന്ത്രി, ചർച്ച വിജയമാണെന്നും ഒരാഴ്ചക്കകം പരിഹാരമുണ്ടാകുമെന്നും അറിയിച്ചു. ചർച്ച പോസിറ്റിവ് എന്ന് പ്രതികരിച്ച ഓഫിസർമാർ മന്ത്രി പരിഹാരം ഉറപ്പു നൽകിയെന്നും വ്യക്തമാക്കി. ചർച്ചക്ക് വേദിയൊരുക്കാൻ ഏപ്രിൽ അഞ്ചു മുതൽ നടത്തി വന്ന സത്യഗ്രഹം ചൊവ്വാഴ്ച താൽക്കാലിമായി നിർത്തിയിരുന്നു.
നേതാക്കളുടെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അസോസിയേഷൻ. കെ.എസ്.ഇ.ബി. സമരത്തിൽ മന്ത്രിക്കെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സമരത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാത്രിതന്നെ വൈദ്യുതി മന്ത്രിയെ വിളിച്ചുവരുത്തി നിർദേശം നൽകുകയും ചെയ്തു. അന്തിമ ധാരണയായില്ലെങ്കിലും പ്രശ്ന പരിഹാരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചന.
പ്രതികാരവും കാലതാമസവുമില്ലാതെ സ്ഥലംമാറ്റ വിഷയമടക്കം പരിഹരിക്കാനാണ് മന്ത്രി ബോർഡിന് നിർദേശം നൽകിയത്. ചർച്ച ഫലപ്രദമമെന്ന് മന്ത്രി യോഗത്തിനു ശേഷം പറഞ്ഞു. സമരം കുറ്റമായി കാണരുത്. നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാകും തീരുമാനം. രണ്ടു കൂട്ടരും വിട്ടുവീഴ്ചക്ക് തയാറാണ്. തീരുമാനം എടുത്ത് കെ.എസ്.ഇ.ബി അറിയിക്കും. സി.പി.എം യോഗത്തിൽ തനിക്കെതിരെ വിമർശനം ഉയർന്നതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഒമ്പത് സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. ചില സംഘടനകൾ ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ നടപടിയിൽ ചെയർമാന്‍റെ നിലപാടിനെ പൂർണമായും ന്യായീകരിച്ചു.
സ്ഥലം മാറ്റമടക്കമുള്ള വിഷയങ്ങൾ ബോർഡ് തലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ഉറപ്പുലഭിച്ചതായി അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാർ അറിയിച്ചു. പ്രതികാര നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും സ്വീകാര്യമാകുന്ന പരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപിച്ച രണ്ടാം ഘട്ട പ്രതിഷേധ സമരപരിപാടികൾ തുടരും. ബോർഡ് തീരുമാനങ്ങളിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നുവെങ്കിൽ സമര പരിപാടികളിൽ മാറ്റങ്ങൾ ആലോചിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.