പാലക്കാട്: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് സ്വാശ്രയ കോഴ്സുകൾ നടത്തുന്നവർക്കായി പ്രത്യേക താരിഫ് (വൈദ്യുതി നിരക്ക്) ഏർപ്പെടുത്താനുള്ള കെ.എസ്.ഇ.ബി ഉത്തരവ് ചർച്ചയാകുന്നു. ഒരു സർവിസ് കണക്ഷൻ പരിസരത്ത് രണ്ടുതരം താരിഫ് പാടില്ലെന്ന നിലവിലുള്ള നിർദേശം അട്ടിമറിച്ചാണ് സ്വാശ്രയ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് സഹായകമായ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയത്.
വൈദ്യുതി റെഗുലേറ്ററി കമീഷന്റെതന്നെ നിർദേശപ്രകാരമായിരുന്നു നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും വിധം താരിഫിൽ മാറ്റം വരുത്തിയത്. ഉത്തരവനുസരിച്ച് സ്വാശ്രയ കോഴ്സുകൾ നടത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്കായി മാത്രം പ്രത്യേകം മീറ്റർ വെച്ച് ഉപഭോഗമനുസരിച്ച് പണമടക്കാം.
ഇതോടെ ഉപഭോഗം കൂടുതലുള്ള എച്ച്.ടി (ഹൈടെൻഷൻ) താരിഫിൽനിന്ന് മാറ്റി മീറ്റർ സ്ഥാപിച്ച് ഊർജ ഉപഭോഗം കുറവുള്ള എൽ.ടി മീറ്റർ സ്ഥാപിക്കാനാകും. ഇത്തരത്തിൽ ഒരു കെട്ടിടപരിസരത്ത് രണ്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് ഇതുവരെ നിയമവിരുദ്ധമായാണ് കെ.എസ്.ഇ.ബി കണക്കാക്കിയിരുന്നത്.
ഈ വിഷയത്തിന് പരിഹാരം കാണണമെന്ന നിരവധി അപേക്ഷകൾ പരിഗണിച്ചാണ് നടപടിയെന്ന് െറഗുലേറ്ററി കമീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇനി പ്രത്യേക വയറിങ്ങോടെ ‘പ്രത്യേക സ്വാശ്രയ’ കെട്ടിടത്തിൽ മീറ്റർ സജ്ജീകരിക്കും. ഈ നടപടികൾ എത്രത്തോളം കാര്യക്ഷമമായി നടത്തുമെന്നതിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ആശങ്കയുണ്ട്.
ഇത്തരത്തിൽ ഒരേ കെട്ടിടത്തിൽ മറ്റ് സ്ഥാപനങ്ങളോ പ്രവർത്തനങ്ങളോ നടക്കുന്നെന്ന കാരണത്താൽ വാണിജ്യ വൈദ്യുതിനിരക്കും എച്ച്.ടി നിരക്കും നൽകിവരുന്ന സ്ഥാപനങ്ങളും ഗാർഹിക ഉപഭോക്താക്കളും ഈ ഇളവിനായി കെ.എസ്.ഇ.ബിക്ക് മുന്നിലെത്താനും സാധ്യതയേറെയാണ്. ഈ സൗജന്യ നടപടി കെ.എസ്.ഇ.ബിയുടെ വരുമാനെത്തയും കാര്യമായി ബാധിക്കുമെന്ന് മാത്രമല്ല, നടപടി നിയമക്കുരുക്കിന് വഴിവെക്കുമെന്നും ഊർജമേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
സാധാരണയായി 100 കെ.വി.എയിൽ കൂടുതൽ ഉപഭോഗമുണ്ടെങ്കിൽ വീടുകളിലേക്ക് നൽകുന്ന എൽ.ടി കണക്ഷൻ (ലോ ടെൻഷൻ) എച്ച്.ടി (ഹൈ ടെൻഷൻ) താരിഫിലേക്ക് മാറണം. നിലവിൽ എയ്ഡഡ് കോളജുകൾക്കുള്ള എച്ച്.ടി ഊർജ വിനിയോഗ നിരക്ക് യൂനിറ്റിന് 6.05 രൂപയും സ്വാശ്രയ കോളജിനുള്ള എച്ച്.ടി ഊർജ താരിഫ് നിരക്ക് 7.80 രൂപയുമാണ് (30,000 യൂനിറ്റിന് മുകളിൽ). എൽ.ടി ഊർജ താരിഫിൽ എയ്ഡഡ് കോളജിന് 100 യൂനിറ്റിന് മുകളിൽ 6.65 രൂപയും സ്വാശ്രയ കോളജുകൾക്ക് 9.25 രൂപയുമാണ്.
എച്ച്.ടി കണക്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ചെലവും ഫിക്സഡ് ചാർജും അധികബാധ്യതയാണ്. കൂടുതൽ യൂനിറ്റ് ഉപഭോഗം വരുകയാണെങ്കിൽ എച്ച്.ടിയിൽ താരിഫ് കുറവായിരിക്കും. കുറവ് യൂനിറ്റ് ഉപഭോഗമുണ്ടെങ്കിൽ എൽ.ടിയിലാണ് താരിഫ് കുറവ്. വ്യവസായിക സമാന ഊർജ ഉപഭോഗം വളരെ കൂടുതലില്ലാത്ത സാഹചര്യത്തിൽ എച്ച്.ടി താരിഫ് ബാധ്യത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതലായിരിക്കും. പുതിയ ഉത്തരവിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.