കൊച്ചി: പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ പണമിടപാടുകാർക്ക് സ്വർണപ്പണയ വായ്പ അനുവദിക്കുന്നത് അവസാനിപ്പിക്കാൻ കെ.എസ്.എഫ്.ഇ ആലോചിക്കുന്നു. പണമിടപാട് സ്ഥാപനങ്ങൾ ഈ വായ്പ ദുരുപയോഗം ചെയ്യുെന്നന്ന കണ്ടെത്തലിനെ തുടർന്നാണിത്. വായ്പക്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും ദുരുപയോഗം ഫലപ്രദമായി തടയാനായില്ലെന്നതും കാരണമാണ്.
കെ.എസ്.എഫ്.ഇയുടെ സ്വർണപ്പണയ വായ്പയുടെ മറവിൽ സ്വകാര്യ പണമിടപാടുകാർ നേട്ടം കൊയ്യുന്നതായും ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്നും അക്കൗണ്ടൻറ് ജനറലിെൻറ (എ.ജി) പരിശോധന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാൾക്ക് ഒരുദിവസം പരമാവധി മൂന്ന് വായ്പ എന്ന നിബന്ധനയും മൊത്തം വായ്പത്തുക 25 ലക്ഷം എന്ന പരിധിയും കൊണ്ടുവന്നിട്ടും ചില ശാഖകളിൽ ജീവനക്കാരുടെ ഒത്താശയോടെ അനധികൃത വായ്പ അനുവദിക്കുന്നത് തുടർന്നു. എ.ജി കണ്ടെത്തിയ ക്രമക്കേട് വിജിലൻസ് പരിശോധനയിലും സ്ഥിരീകരിച്ചതായാണ് സൂചന. ഈ സാഹചര്യത്തിലാണ് സ്വകാര്യ പണമിടപാടുകാരുടെ സ്വർണവായ്പയുമായി ബന്ധപ്പെട്ട ബിസിനസ് വേണ്ടെന്നുവെക്കാൻ കെ.എസ്.എഫ്.ഇ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ചെയർമാൻ ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ ഓൺലൈൻ യോഗം വിളിച്ചിരുന്നു.
10,000 രൂപ വരെ എട്ടര ശതമാനം, 10,000 മുതൽ 20,000 വരെ ഒമ്പതര, 20,000ന് മുകളിൽ പത്തര എന്നിങ്ങനെയാണ് കെ.എസ്.എഫ്.ഇ സ്വർണവായ്പയുടെ പലിശ നിരക്ക്. ആളുകളിൽനിന്ന് സ്വീകരിക്കുന്ന സ്വർണപ്പണയത്തിന് ഉയർന്ന പലിശ ഈടാക്കുകയും അതേ സ്വർണം കെ.എസ്.എഫ്.ഇയിൽ കുറഞ്ഞ പലിശക്ക് പണയപ്പെടുത്തി നേട്ടമുണ്ടാക്കുകയുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ചെയ്യുന്നത്. പണയസ്വർണം സുരക്ഷിതമായി സൂക്ഷിക്കാമെന്നതും ഇവർ നേട്ടമായി കാണുന്നു. കെ.എസ്.എഫ്.ഇ ശാഖകൾക്ക് സമീപം പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങളാണ് കൂടുതലായും ഇങ്ങനെ കൊള്ളലാഭം കൊയ്യുന്നത്. മാനദണ്ഡങ്ങൾ മറികടന്ന് വായ്പ അനുവദിച്ചുകിട്ടാൻ ചില ജീവനക്കാരുടെ സഹായവും ഇവർക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.