തിരുവനന്തപുരം: പല നിറത്തിലുള്ള ഇരിപ്പിടങ്ങൾ... വായിക്കാം, എഴുതാം, കളിക്കാം... വേണമെങ്കിൽ അൽപമൊന്ന് വിശ്രമിക്കുകയുമാകാം. പൊളിക്കാനിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് തട്ടുപൊളിപ്പൻ പഠനവണ്ടിയായതിന്‍റെ കൗതുകവും ആഹ്ലാദമായിരുന്നു കുരുന്നുമുഖങ്ങളിലെല്ലാം.
ആദ്യം നേരിയ അമ്പരപ്പായിരുന്നെങ്കിലും ഉള്ളിൽ കടന്നതോടെ ആരവങ്ങൾക്ക് വഴിമാറി. പിന്നെ ചിരിയും കളിയുമെല്ലാം തകൃതി. മണക്കാട് ഗവ.ടി.ടി.ഐ പ്രീപ്രൈമറി വിഭാഗം കുഞ്ഞുങ്ങൾക്കായാണ് പ്രത്യേക രൂപകൽപനയിൽ കൗതുകവണ്ടി സജ്ജമായത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്‍റണി രാജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കുട്ടികളെ ആകർഷിക്കും വിധത്തിലാണ് ക്ലാസ് മുറികളുടെ സജ്ജീകരണങ്ങളെല്ലാം. സമചതുരാകൃതിയിൽ പല നിറങ്ങളിലും സീബ്രയുടെ രൂപത്തിലുമായി രണ്ടു തരത്തിലാണ് ഇരിപ്പിടങ്ങൾ. പുസ്തകം വെക്കാനുള്ള റാക്കുകൾ വശങ്ങളിലുണ്ട്. സ്മാർട്ട് ടി.വിയും എ.സിയുമാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ. നിശ്ചിത ദിവസങ്ങളിൽ ഊഴം അനുസരിച്ചാകും പഠനവണ്ടിയിൽ ഓരോ ക്ലാസുകാരെയും അനുവദിക്കുക.
40 തൊഴിലാളികളുടെ അധ്വാനത്തിൽ ഒരാഴ്ചയെടുത്താണ് ബസ് ക്ലാസ്മുറിയാക്കിയത്. ഒരു നിലയാണ് ബസെങ്കിലും മറ്റൊരു നില കൂടി ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് കളിക്കാനും ഇരിക്കാനും ക്രമീകരണങ്ങളുണ്ട്. മറ്റൊരു ബസ് കൂടി സ്കൂളിന് ലഭിച്ചിട്ടുണ്ട്.
ഇതിന്‍റെ മുകൾ നിലയിൽ ലൈബ്രറി സജ്ജമാക്കാനാണ് ആലോചന. ബസിന്‍റെ മുകൾ നിലയിൽ കയറാനാണ് കുട്ടികൾക്കെല്ലാം താൽപര്യം. ഈ കൗതുകം വായനശീലത്തിലേക്ക് തിരിച്ചുവിടാനാണ് ശ്രമം. വിദ്യാഭ്യാസം എല്ലാ വാർപ്പുമാതൃകകൾക്കും പുറത്താണെന്നും ഈ അസാധാരണ ക്ലാസ്മുറി സ്കൂളിന്‍റെ ഭാഗമാക്കുന്നതിൽ അഭിമാനമുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.