തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 220 മിനിബസുകളും 150 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുമടക്കം 370 പുതിയ ബസുകൾ വാങ്ങുന്നു. മറ്റ് നടപടികളെല്ലാം പൂർത്തിയായതായും ഫണ്ട് ലഭ്യമായാൽ ഉടൻ ബസുകൾ നിരത്തിലെത്തുമെന്നും മന്ത്രി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എല്ലാം ഡീസൽ ബസുകളാണ്. 30 ബസുകൾ വരെ കടമായി നൽകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഗ്രാമീണ റൂട്ടുകളിലേക്കായാണ് 40-42 സീറ്റുകളുള്ള മിനി ബസുകൾ ഉപയോഗിക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൊട്ടാരക്കരയിലേക്കും കോഴിക്കോടേക്കും പുതിയ സർവീസുകൾ ആരംഭിക്കും.
കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കി എ.സി സൂപ്പർ ഫാസ്റ്റുകൾക്ക് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. ഈ ക്ലാസിൽ കൂടുതൽ സർവീസുകൾ നിരത്തിലിറക്കും. ഇതിന് പുറമേ 30 എ.സി സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല തീർഥാടനത്തിന് മതിയായ സർവീസുകൾ സജ്ജമാക്കും. പുതിയ ബസുകളില്ലെന്നത് യാഥാർഥ്യമാണ്.
സംസ്ഥാനത്താകെ വരുമാന മില്ലാത്ത നാല് ലക്ഷം കിലോമീറ്ററുകൾ കുറച്ചിട്ടുണ്ട്. ഇത്തരത്തിൽ 50000 കിലോമീറ്റർ കൂടി കുറയ്ക്കും. ഒൻപത് കോടിയാണ് പ്രതിദിന കലക്ഷനായി ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനോടകം എട്ട് കോടി പിന്നിട്ടിട്ടുണ്ട്. വാഹനങ്ങളിൽ ബേബി സീറ്റീകൾ അടിച്ചേൽപ്പിക്കില്ല. ബോധവത്കരണത്തിന്റെ ഭാഗമായാണ് ഗതാഗത കമീഷണർ നിർദേശം പുറപ്പെടുവിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിറ്റി പെർമിറ്റുള്ള ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾ ഒഴിവാക്കി പകരം ഇ-ഓട്ടോറിക്ഷകളിലേക്ക് മാറുന്നവർക്ക് സിറ്റി പെർമിറ്റ് തുടർന്നും നൽകുമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ. നഗരങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് സിറ്റി പെർമിറ്റ് ബാധകമാണ്. നിലവിൽ സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ ഒഴിവാക്കി പുതിയ ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്ക് പഴയ സിറ്റി പെർമിറ്റ് നൽകാറില്ല. ഇതോടെ ഇവർ സിറ്റിയിൽ നിന്ന് പുറത്താകുന്ന സ്ഥിതിയായിരുന്നു.
എന്നാൽ ഹരിത ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായ ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾ ഒഴിവാക്കി ഇലക്ട്രിക്കിലക്കും സി.എൻ.ജിയിലേക്കും മാറുന്നവർക്ക് പഴയ പെർമിറ്റ് തുടരാൻ അനുവദിക്കും. ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ വീതം സബ്സിഡി അനുവാദിച്ചു. ഇത്തരത്തിൽ 1000 ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി നൽകിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.