കണ്ടക്ടർക്ക് അസഭ്യവർഷം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ടിക്കറ്റെടുക്കാത്തത് ചോദ്യംചെയ്ത കണ്ടക്ടർക്ക് നേരെ അസഭ്യവർഷം നടത്തിയ ആൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അടൂർ പൊലീസ് കേസെടുത്തു. അടൂർ ഡിപ്പോയിലെ കായംകുളം-അടൂർ റൂട്ടിലെ കണ്ടക്ടർ മനീഷിന്‍റെ പരാതിയിൽ കൊല്ലം കൊട്ടാരക്കര മൈലം എസ്.ജി കോട്ടേജിൽ ഷിബുവിനെതിരെയാണ് കേസെടുത്തത്. കണ്ടക്ടറെ അസഭ്യം വിളിക്കുന്നത് യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.

ശനിയാഴ്ച രാത്രി 8.40ന് പഴകുളം ഭാഗത്തായിരുന്നു സംഭവം. കായംകുളത്തു നിന്ന് പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോൾ ടിക്കറ്റ് മെഷീനിലെ ടിക്കറ്റ് കണക്കും ബസിലെ യാത്രക്കാരുടെ കണക്കും തമ്മിൽ വ്യത്യാസമുണ്ടായി. തുടർന്ന് കണ്ടക്ടർ ഓരോ യാത്രികരുടെയും അടുത്തെത്തി ടിക്കറ്റ് എടുത്തിരുന്നോയെന്ന് അന്വേഷിച്ചു. ഇതിനിടയിൽ ടിക്കറ്റ് എടുക്കാതിരുന്ന ഷിബു കണ്ടക്ടർക്കു നേരെ തിരിയുകയായിരുന്നു.

തനിക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചോയെന്ന് പരിഹസിച്ചതായും മന്ത്രി ഗണേഷ് കുമാറിന്‍റെ പി.എ ടിക്കറ്റിന്‍റെ പണം കൊണ്ടുതരുമെന്നും തന്നോട് ഷിബു പറഞ്ഞതായി മനീഷ് പറഞ്ഞു. കണ്ടക്ടറോട് മോശമായി പെരുമാറുന്നത് കണ്ട മറ്റൊരു യാത്രക്കാരൻ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും അയാളെ ഷിബു മർദിക്കാൻ ശ്രമിച്ചതായും മനീഷ് വ്യക്തമാക്കി.

Tags:    
News Summary - KSRTC conductor: Minister KB Ganesh Kumar will take strong action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.