തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ സസ്പെൻഷനിലായ ഡ്രൈവർ മേലധികാരികൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപാണ് ഫേസ്ബുക്കിലൂടെ സസ്പെൻഷൻ നടപടികളെ കളിയാക്കിയത്.
തന്‍റെ വിശദീകരണം കാര്യമാക്കി എടുക്കാതെ നടപടിയെടുത്ത അധികാരികൾക്കെതിരെയുള്ള രോഷം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ജയദീപ് പരസ്യമാക്കുന്നത്. അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് സസ്‌പെന്‍ഷന്‍ വലിയ അനുഗ്രഹമായെന്നാണ് ജയദീപ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നത്.
'കെ.എസ്.ആർ.ടി.സിയിലെ എന്നെ സസ്പെൻ്റ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നെ സസ്പെൻഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ...'-ജയദീപ് ഫേസ്ബുക് കുറിപ്പിൽ എഴുതി.
തനിക്ക് ചാടി നീന്തി പോകാന്‍ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്‍റെ ചിന്തയെന്നും ജയദീപ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. യാത്രക്കാർ തന്നെ ചീത്ത പറഞ്ഞോ എന്ന് ശ്രദ്ധിക്കാനും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതായിരുന്നെങ്കിൽ യാത്രക്കാർ ഇതിന്‍റെ വിഡിയോ ചിത്രീകരിക്കുമായിരുന്നോ എന്നും ജയദീപ് ചോദിക്കുന്നു.
കൂടാതെ വാഹനത്തിന്‍റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവര്‍ പൂരിപ്പിച്ചു നല്‍കുന്ന ഫോം ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ജയദീപ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് പിതാവിന്‍റെ മുടിവെട്ടുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിലാണ് കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങിയത്. ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ഇദ്ദേഹം ബസ് ഓടിച്ചത്. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് നിർദേശം നൽകിയത്.
ഈരാറ്റുപേട്ടക്ക് പോകുന്ന ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം മുങ്ങിയത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. പിന്നാലെ വടം കെട്ടി ബസ് വെള്ളക്കെട്ടിൽ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.