കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളുകൾക്ക് തുടക്കം; ആദ്യഘട്ടത്തിൽ 14 കേന്ദ്രങ്ങളിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിലുള്ള ഡ്രൈവിങ് സ്കൂളുകൾക്ക് തുടക്കമായി. ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്താകെ 22 സ്ഥലങ്ങളിലാണ് കെ.എസ്.ആർ.ടി.സി സ്കൂളുകൾക്ക് സ്ഥലം കണ്ടെത്തിയത്. ഇതിൽ ആദ്യ ഘട്ടത്തിൽ 14 ഇടത്താണ് പ്രവർത്തനമാരംഭിക്കുക.

എല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടിയാണ് സ്കൂളുകൾ ആരംഭിക്കുന്നത്. ഹെവി ലൈസൻസിന് ഒഴികെ മറ്റു രണ്ടു വിഭാഗങ്ങൾക്കും പുതിയ വാഹനങ്ങളിലാണ് പരിശീലനം. കെ.എസ്.ആർ.ടി.സിയുടെ ഗ്രൗണ്ടുകളിലാണ് പരിശീലനം നടക്കുക. മൂന്നു മാസത്തിനകം മൊബൈൽ ആപും തയാറാക്കും. ഡ്രൈവിങ് പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് എല്ലാ വിവരങ്ങളും ആപ് വഴി അറിയാനാകും. ഒപ്പം ലേണേഴ്സ് ടെസ്റ്റിന് സഹായിക്കുന്ന മോക് ടെസ്റ്റ് സൗകര്യവും ആപിലുണ്ടാകും. കെ.എസ്.ആർ.ടി.സി ഡ്രൈവർ വിഭാഗത്തിലെ പ്രാവീണ്യമുള്ളവരെയാണ് പരിശീലനത്തിനായി നിയോഗിക്കുക.

പട്ടികജാതി-വർഗ വിഭാഗത്തിൽ പെട്ടവർക്ക് കുറഞ്ഞ നിരക്കിലായിരിക്കും പരിശീലനം. ഈ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പൂർണമായും സൗജന്യവും.

ഡ്രൈവിങ് സ്കൂളുകൾ ഇവിടങ്ങളിൽ

തിരുവനന്തപുരം, പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, മാവേലിക്കര, പന്തളം, ചടയമംഗലം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൽ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട്.

നിരക്ക്

ഹെവി വാഹനങ്ങൾ-9000

കാർ മാത്രം-9000

കാറും ബൈക്കും-11,000

ഇരുചക്രവാഹനങ്ങൾ മാത്രം-3500

എങ്ങനെയെങ്കിലും ലൈസൻസ് നൽകുകയല്ല വേണ്ടത് -മുഖ്യമന്ത്രി

തിരുവനന്തപുരം: പരിശീലനത്തിനായി ചേരുന്നയാൾക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്ത് കൊടുക്കുക എന്നത് മാത്രമല്ല പരിശീലന സ്ഥാപനങ്ങളുടെ ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ആർ.ടി.സി ആദ്യമായി തുടങ്ങിയ ഡ്രൈവിങ് സ്കൂളിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഉപരിതല മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളുള്ള അക്രഡിറ്റഡ് ഏജൻസികളുടെ രീതിയാണ് കെ.എസ്.ആർ.ടി.സി സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എം.ഡി പ്രമോജ് ശങ്കർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു.

ഡ്രൈവിങ് സ്കൂൾ തുടങ്ങിയത് ചിലർ വെല്ലുവിളിച്ചതുകൊണ്ട് -മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന്‍റെ കാര്യത്തിൽ സർക്കാറിനെ ചിലർ വെല്ലുവിളിച്ചതുകൊണ്ടാണ് കെ.എസ്.ആർ.ടി.സി സ്വന്തം നിലക്ക് സ്കൂൾ തുടങ്ങിയതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്തു പരിഷ്കാരം കൊണ്ടുവന്നാലും ചിലർ അഭിപ്രായം പറയും. അവക്ക് ചെവി കൊടുത്താൽ ഒന്നും നടക്കില്ല. ഡ്രൈവിങ് പരിശീലനം എങ്ങനെയാകണം എന്നതിന് മാതൃകയായിരിക്കും കെ.എസ്.ആർ.ടി.സിയുടെ സ്കൂൾ.

കെ.എസ്.ആർ.ടി.സിയുടെ സ്കൂളിൽനിന്ന് പുറത്തുവരുന്നവർക്ക് ലൈസൻസ് കിട്ടുന്നതിന്‍റെ അന്നുതന്നെ സ്വന്തം വാഹനം ഓടിച്ച് പോകാൻ മാത്രം പ്രാവീണ്യമുള്ളവരായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സി ആദ്യമായി തുടങ്ങിയ ഡ്രൈവിങ് സ്കൂളിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി.

Tags:    
News Summary - KSRTC driving schools started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.