തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സഹായിക്കാൻ സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുത്ത് നൽകിയ വായ്പ, തിരിച്ചടവില്ലാതെ കുടിശ്ശികയായതോടെ കെ.ടി.ഡി.എഫ്.സിയുടെ (കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷൻ) ലൈസൻസ് തുലാസ്സിൽ. റിസർവ് ബാങ്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന ലൈസൻസ് പ്രകാരമാണ് കെ.ടി.ഡി.എഫ്.സി പ്രവർത്തിക്കുന്നത്.
നിക്ഷേപം അതത് സ്ഥാപനങ്ങൾക്ക് തിരികെ നൽകിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകിയതായാണ് വിവരം. കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷനില്‍നിന്ന് സ്വീകരിച്ച 130 കോടി രൂപ നിക്ഷേപം കാലാവധി കഴിഞ്ഞ് ഒരു മാസമായിട്ടും തിരിച്ചു നല്കാന് കഴിയാതെ വന്നതോടെയാണ് റിസർവ് ബാങ്ക് നടപടിക്കൊരുങ്ങുന്നത്. കാലാവധി പൂര്‍ത്തിയായ 490 കോടി രൂപയുടെ നിക്ഷേപമാണ് കെ.ടി.ഡി.എഫ്.സി നിക്ഷേപകർക്ക് തിരികെ നല്‍കാനുള്ളത്.
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി എടുത്ത 3000 കോടിയുടെ ഉയർന്ന പലിശ നിരക്കിലുള്ള ഹ്രസ്വകാല വായ്പ് ബാങ്ക് കൺസോർട്യത്തിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കിലെ ദീർഘകാല വായ്പയാക്കാനുള്ള ശ്രമം നടന്നത് 2018ലാണ്.
നിലവിലെ ബാധ്യതയായ 3000 കോടിയുടെ വായ്പ കൺസോർട്യം വീട്ടുമെന്നും, ആ തുക കെ.എസ്.ആർ.ടി.സി പ്രതിമാസ കലക്ഷനിൽനിന്ന് തിരിച്ചടക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഇതോടൊപ്പം ഇക്കാലയളവിൽ മറ്റ് വായ്പ ബാധ്യതകളൊന്നും കെ.എസ്.ആർ.ടി.സിക്കുണ്ടാകരുതെന്നും കൺസോർട്യം ഉപാധിവെച്ചു.
എന്നാൽ, 3000 കോടിക്ക് പുറമേ, കെ.എസ്.എഫ്.ഇയിൽനിന്നും സംസ്ഥാന കാർഷിക വികസന ബാങ്കിൽനിന്നും എടുത്ത മറ്റൊരു 356 കോടി കൂടി ഇക്കാലയളവിൽ വായ്പയായുണ്ടായിരുന്നു. വായ്പ തീർക്കാതെ കൺസോർട്യം അയയില്ലെന്ന നില വന്നതോടെ കെ.ടി.ഡി.എഫ്.സി സഹകരണ ബാങ്കുകളിൽനിന്ന് 356 കോടി കടമെടുത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകി.
ഈ തുകയാണ് തിരിച്ചടവ് മുടങ്ങി കുടിശ്ശികയായത്. ബാധ്യതക്ക് പുറമേ, പുതിയ നിക്ഷേപം സ്വീകരിക്കാനാവാതെ വന്നതോടെ നേരത്തേയുള്ള നിക്ഷേപം തിരിച്ചുനൽകാനുമാകാത്ത നിലയുണ്ടായി. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.