കണ്ണൂർ: കടക്കെണിയിലായ ആനവണ്ടിയെ കരകയറ്റാൻ, യാത്രക്കാർ മറന്നുവെച്ച പൊന്നും വെള്ളിയും വിൽക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. 2012 ഒക്ടോബർ മുതൽ 2022 ആഗസ്റ്റ് വരെ സംസ്ഥാനത്തുടനീളമുള്ള ബസുകളിൽനിന്നും ബസ് സ്റ്റാൻഡുകളിൽനിന്നും ഡിപ്പോകളിൽനിന്നും കളഞ്ഞുകിട്ടിയ 338 പവൻ സ്വർണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയുമാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് 10 വർഷത്തിനിടെ യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ കളഞ്ഞത്.
ഉടമസ്ഥനും അവകാശികളുമെത്താതെ ഏറെക്കാലമായി ഇവ ലോക്കറിൽ ഭദ്രമായിരുന്നു. നേരത്തെ 2016ൽ ആഭരണങ്ങൾ ലേലം ചെയ്തപ്പോൾ 70 ലക്ഷത്തോളവും 2007ൽ 6.45 ലക്ഷവും കോർപറേഷന് ലഭിച്ചിരുന്നു. മോട്ടോർ വെഹിക്കിൾ ആക്ടും ഹാൻഡ് ബുക്ക് ഓഫ് കൊമേഴ്സ്യൽ അക്കൗണ്ട്സ് പാർട്ട് ഒന്നും പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചാണ് ലേലം നടത്തുക. ബസുകളിൽ കളഞ്ഞുലഭിക്കുന്ന ആഭരണങ്ങൾ കണ്ടക്ടർമാർ ഡിപ്പോയിൽ ഏൽപിക്കുകയാണ് പതിവ്. ഉടമസ്ഥനെയും കാത്ത് ഒരുമാസം ഇവ ഡിപ്പോയിൽ ഉണ്ടാവും. യഥാർഥ ഉടമ തെളിവുകളും യാത്രാടിക്കറ്റും സഹിതം വന്നാൽ ആഭരണങ്ങൾ തിരിച്ചുനൽകും.
200 രൂപ ബോണ്ടും ആഭരണമൂല്യത്തിന്റെ 10 ശതമാനം സ്റ്റോറേജ് ഫീസും നൽകണം. ഉടമസ്ഥനില്ലാത്ത സ്വർണവും വെള്ളിയും തിരുവനന്തപുരം ട്രാൻസ്പോർട്ട് ഭവനിലെത്തിച്ച് ലോക്കറിൽ സൂക്ഷിക്കും. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ഡിപ്പോ പരിധിയിൽനിന്നും സംസ്ഥാനത്തിനുപുറത്ത് സർവിസ് നടത്തുന്ന ബസുകളിൽനിന്നും ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്.
കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ 2019ൽ ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കെടുപ്പ് നടത്തിയെങ്കിലും ലോക്ഡൗണിനെ തുടർന്ന് ലേലം നടന്നില്ല. സെപ്റ്റംബർ 30ന് തിരുവനന്തപുരം ട്രാൻസ്പോർട്ട് ഭവനിലാണ് ലേലം. സ്വർണത്തിനും വെള്ളിക്കും പുറമെ മൊബൈൽഫോൺ, ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും വസ്ത്രങ്ങൾ, കുട, പഴ്സ് തുടങ്ങിയവയും മൂന്നുമാസത്തിലൊരിക്കൽ ഡിപ്പോ പരിസരത്ത് തന്നെ ലേലം ചെയ്യുകയാണ് പതിവ്. 2016ൽ 312 പവൻ ആഭരണമാണ് ലേലം ചെയ്തത്. കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാനത്തുടനീളം ആറായിരത്തോളം സർവിസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.