തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ കെ.എസ്.ആർ.ടി.സിയിലെ വിദ്യാർഥി കൺസഷൻ ഓൺലൈനാകുന്നു. എൻ.ഐ.സി സഹായത്തോടെ ഇതിനായുള്ള സോഫ്റ്റ്വെയർ പൂർത്തിയായി. ഡമ്മി രേഖകൾ നൽകിയുള്ള ഓരോ ഘട്ടത്തിലെയും സോഫ്റ്റ്വെയർ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. കൺസഷനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ അനിഷ്ടസംഭവങ്ങളും തർക്കങ്ങളുമാണ് പുതിയ തീരുമാനത്തിന് കാരണം.
വിദ്യാർഥികളെ രേഖകളുമായി ഡിപ്പോയിൽ വരിനിർത്താതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് ഓൺലൈനായി അപേക്ഷിക്കാനാകും വിധത്തിലാണ് സംവിധാനം ഒരുക്കുന്നത്. നിലവിൽ പേപ്പർ കാർഡുകളാണ് നൽകുന്നത്. ഇതിന് പകരം ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആർ.എഫ്.ഐ.ഡി കാർഡോ റീഡിങ് സ്ട്രിപ്പോടുകൂടിയ പ്ലാസ്റ്റിക് കാർഡോ നൽകാനും ആലോചനയുണ്ട്. കാർഡുകൾ ഡിപ്പോയിൽ വന്ന് വാങ്ങുന്നതിന് പകരം നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കാനാണ് ആലോചന. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം യാത്രാസൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും കൺസഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും വലിയ കടമ്പകളാണ് നിലവിലുള്ളത്. മൂന്നുമാസത്തേക്കാണ് കൺസഷൻ അനുവദിക്കുന്നത്. സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം വാങ്ങി ഡിപ്പോയിൽ നേരിട്ടെത്തിയാലേ പുതുക്കി നൽകൂ. സെമസ്റ്റര്‍ സംവിധാനമുള്ള ബിരുദ, ബിരുദാനന്തര, സാങ്കേതിക കോഴ്സുകളിൽ ഓരോ സെമസ്റ്ററിനും പ്രത്യേകം കണ്സഷന് കാര്‍ഡാണ് നല്‍കുന്നത്. നിശ്ചിതസമയത്ത് കോഴ്സ് പൂര്‍ത്തിയായില്ലെങ്കില്‍ കണ്സെഷന് കിട്ടില്ല. അല്ലെങ്കിൽ കോഴ്സ് നീണ്ടുപോയത് വിശദീകരിച്ച് സ്ഥാപനമേധാവി വീണ്ടും കത്ത് നല്‍കണം. പുതിയ സംവിധാനത്തോടെ ഓൺലൈനായി രേഖകൾ സമർപ്പിക്കാമെന്നതാണ് സൗകര്യം.
പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ പൂർണമായും യാത്രാ സൗജന്യമുണ്ട്. ഒടുവിലെ കണക്കുകൾ അനുസരിച്ച് 3,63,053 പേരാണ് ഈ വിഭാഗത്തിൽ കൺസഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ബിരുദം മുതൽ മുകളിലേക്ക് 2,97,022 പേരാണ് കൺസഷൻ കൈപ്പറ്റുന്നത്. ഇവരിൽ നിന്ന് ഈടാക്കുന്നത് 15 ശതമാനം നിരക്കാണ്. കൺസഷനിലൂടെ ഒരു വർഷം 120 കോടിയാണ് സാമ്പത്തിക ബാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.