കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാറിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ഈ ദുരവസ്ഥ മാറ്റാൻ സർക്കാർ പല ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ, ഇതിനോടെല്ലാം എതിർപ്പ് പ്രകടിപ്പിക്കുന്ന നിലപാടാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കാര്യക്ഷമതയില്ലായ്മ മൂലം ദക്ഷിണേന്ത്യയിൽ ഏറ്റവും നഷ്ടത്തിൽ പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2019ലെ സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് അടിയന്തരമായി വേണ്ടത്. ശമ്പള പരിഷ്കരണത്തിന് മുന്നോടിയായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജീവനക്കാരുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, 14 മാസം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. വ്യവസായ സ്ഥാപനത്തിലെ തർക്കം തൊഴിലാളി യൂനിയനുകളും മാനേജ്മെന്റുമായി ചർച്ച നടത്തിയാണ് പരിഹരിക്കേണ്ടതെങ്കിലും ചർച്ച നടക്കുന്നില്ല.
കെ.എസ്.ആർ.ടി.സിയിലെ 17.5 ശതമാനം ബസുകൾ സർവിസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്തതും പഴയതുമായ ഡ്യൂട്ടി പാറ്റേൺ സംവിധാനമാണ് നിലവിലുള്ളത്. വർക്ക് ഷോപ്പുകളിലും കാലഹരണപ്പെട്ട രീതികളാണ് തുടരുന്നത്. ജീവനക്കാർ നേരിട്ടും കോടതി മുഖേനയും പരിഷ്കാരങ്ങളെ എതിർക്കുകയാണ്. സർക്കാറിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. ഇത്തരം സ്ഥാപനങ്ങളുടെ ദൈനംദിന കാര്യങ്ങൾക്ക് സാമ്പത്തികസഹായം നൽകാൻ സർക്കാറിന് ബാധ്യതയില്ല.
2023 ഫെബ്രുവരി 22 വരെയുള്ള കണക്കുപ്രകാരം 1315.005 കോടി രൂപ 2022-23 സാമ്പത്തിക വർഷത്തിൽ കെ.എസ്.ആർ.ടി.സിക്ക് സഹായം നൽകി. ശമ്പളമുൾപ്പെടെയുള്ളവ നൽകാനായി പ്രതിമാസം 50 കോടി രൂപ നൽകുന്നുണ്ട്. 62.67 കോടി രൂപ പെൻഷൻ നൽകാനായി ഈ മാസം അനുവദിക്കും. 1739.81 കോടി രൂപ 2020 -21 സാമ്പത്തിക വർഷം നൽകി. 6731.90 കോടി രൂപ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സഹായമായി നൽകി. സഹായം നൽകണമോയെന്നത് സർക്കാറിന്റെ നയപരമായ കാര്യമായതിനാൽ കോടതിയുടെ പരിഗണനയിൽ വരുന്നതല്ല.
കോവിഡ് കാലത്ത് നൽകിയ സഹായം തുടരണമെന്ന് ആവശ്യപ്പെടാനാവില്ല. സർക്കാറിന്റെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതി ഇടപെടരുതെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ഹരജിയിലാണ് സത്യവാങ്മൂലം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.