കോട്ടയം: കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കിയ അശാസ്ത്രീയ ഷെഡ്യൂള്‍ പരിഷ്കരണവും ഡ്യൂട്ടി പാറ്റേണും ഡ്രൈവർമാർക്ക് ജോലിഭാരവും കോര്പറേഷന് സാമ്പത്തിക നഷ്ടവും വരുത്തുന്നതാണെന്ന് കാണിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് യൂനിയൻ നേതൃത്വം വകുപ്പുമന്ത്രി തോമസ് ചാണ്ടിക്ക് നിവേദനം സമര്‍പ്പിച്ചു.
ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് സണ്ണി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. അയ്യപ്പന്, എസ്.പി. പരമേശ്വരന്, കെ. ഗോപകുമാര്‍, എ.ഡി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ട് നിവേദനം നല്കി ചര്‍ച്ച നടത്തിയത്.
ഡ്യൂട്ടി പാറ്റേണിലും ഷെഡ്യൂള്‍ പരിഷ്കരണത്തിലും വന്ന അപാകതകള്‍ മന്ത്രിയെ ധരിപ്പിച്ചു. ഒരേ റൂട്ടില്‍ ഒരേ കിലോമീറ്ററും ഒരേ ക്ലാസ് സര്‍വിസുമായി ഓപറേറ്റ് ചെയ്യുന്ന സർവിസുകൾക്ക് വ്യത്യസ്ത ഡ്യൂട്ടി പാറ്റേണ്‍ നല്കി വരുന്നത്, ഓരോ ഡിപ്പോയിലും ഓരോതരം ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കി വരുന്നതിലെ അപാകത, സൂപ്പര്‍ ഡീലക്സ്, മിന്നല്‍ സർവിസുകളിൽ ഡ്രൈവര്‍മാര്‍ തുടര്‍ച്ചയായി ആറുരാത്രി ഡ്രൈവ് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ, ഓടുന്ന സമയവും കിലോമീറ്ററും മാനദണ്ഡമാക്കാതെ ഓരോ ബസിനും ലഭിക്കുന്ന കലക്ഷെൻറ അടിസ്ഥാനത്തില്‍ ശമ്പളവും ഡ്യൂട്ടിയും നിശ്ചയിക്കുന്നതും യൂനിയൻ ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി സീറ്റ് ബുക്ക് ചെയ്യുന്ന സൂപ്പര്‍ ഡീലക്സ്, മിന്നല്‍, വോള്‍വോ, സ്കാനിയ ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കുക, ഒന്നര ഡ്യൂട്ടി സംവിധാനം പൂർണമായും ഉപേക്ഷിക്കുക, അതിരാവിലെയും രാത്രിയും ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കുറവായതിനാല്‍ ഈ സമയം ഡ്യൂട്ടിക്ക് വരുകയും ഡ്യൂട്ടി കഴിഞ്ഞ് പോവുകയും ചെയ്യുന്ന യൂനിഫോം ധരിച്ച ജീവനക്കാര്‍ക്ക് സൂപ്പര്‍ഫാസ്റ്റിൽ യാത്രചെയ്യുന്നതിനുള്ള ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് യൂനിയൻ ഉന്നയിച്ചത്. ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി വര്‍ക്കിങ് പ്രസിഡൻറ് സണ്ണി തോമസും ജനറല്‍ സെക്രട്ടറി ആര്. അയ്യപ്പനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.