തിരുവനന്തപുരം: യാത്ര തുടങ്ങിയാലും ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തത്സമയ റിസർവേഷൻ സംവിധാനവുമായി കെ.എസ്.ആർ.ടി.സി. നിലവിൽ ബസ് പുറപ്പെടുന്നതിനും ഒരു മണിക്കൂർ മുമ്പ് റിസർവേഷൻ അവസാനിപ്പിച്ച് അതുവരെയുള്ള ബുക്കിങ് കണക്കാക്കി ചാർട്ട് പ്രിന്റെടുത്ത് കണ്ടക്ടർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതോടെ സീറ്റൊഴിവും ആവശ്യക്കാരുമുണ്ടെങ്കിലും ടിക്കറ്റ് നൽകാനാകാത്ത സ്ഥിതിയാണുള്ളത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസിൽ, തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് മാത്രമാണ് ടിക്കറ്റ് റിസർവ് ചെയ്യുന്നതെങ്കിൽ കൊല്ലം മുതൽ സീറ്റ് ഒഴിവാണെങ്കിലും മറ്റാർക്കും ബുക്ക് ചെയ്യാനാവില്ല. ഈ പരിമിതിയാണ് ലൈവ് ടിക്കറ്റിങ്ങിലൂടെ പരിഹരിക്കുന്നത്.
കെ.എസ്.ആർ.ടി.സി പുതുതായി പുറത്തിറക്കിയ സ്മാർട്ട് ടിക്കറ്റ് മെഷീൻ വഴിയാണ് പുതിയ സൗകര്യമൊരുക്കുന്നത്. ഇതുവഴി റിസർവേഷൻ നില തത്സമയം കണ്ടക്ടർമാർക്കും റിസർവേഷൻ കൺട്രോൾ റൂമിലും നിരീക്ഷിക്കാം. ബസ് പുറപ്പെട്ടാലും സീറ്റ് ഒഴിവുണ്ടെങ്കിൽ യാത്രക്കാരന് വെബ് സൈറ്റ് വഴി ബുക്ക് ചെയ്യാനാകും.
പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും ദീർഘദൂര ബസുകളിലാണ് ആദ്യ ഘട്ടത്തിൽ ലൈവ് ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തുന്നത്. രണ്ടാഴ്ചക്കുള്ളിൽ പരീക്ഷണയോട്ടം തുടങ്ങും. വിജയകരമെങ്കിൽ മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കും. നിലവിലെ റിസർവേഷൻ നയങ്ങൾതന്നെയായിരിക്കും തത്സമയ ബുക്കിങ്ങിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.