തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിനെ തുടർന്ന് സെക്രട്ടറിയേറ്റിനു മുൻവശം യുദ്ധക്കളമായി. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, വൈസ് പ്രസിഡൻറ് സ്നേഹ, എൻ.എസ്.യു സെക്രട്ടറി എറിക് സ്റ്റീഫൻ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു. െനയിംബോർഡില്ലാത്ത പുരുഷ പൊലീസുകാരാണ് വനിതാപ്രവർത്തകരെ മർദിച്ചതെന്ന് കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിനു പിന്നാലെ, വനിതാ പ്രവർത്തകർ സെക്രേട്ടറിയറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് ബാരിക്കേഡുകൾ തകർക്കാനും ശ്രമിച്ചു. സെക്രേട്ടറിയറ്റിന് മുന്നിൽ സ്ഥാപിച്ച സർക്കാർ അനുകൂല ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചു.
വനിതകളെ പുരുഷ പൊലീസുകാർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാരോപിച്ച് പൊലീസുകാരും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിെൻറ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് നടപടി ചോദ്യം ചെയ്തു. പൊലീസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സമരപ്പന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമൊക്കെ സെക്രേട്ടറിയറ്റ് വളപ്പിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെയും പ്രവർത്തകർ വലിച്ചെറിഞ്ഞു.
പ്രവർത്തകർക്കിടയിൽ ഒറ്റപ്പെട്ട പൊലീസുകാരനെയും ആക്രമിച്ചു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദിച്ചു. ഒാടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്ന് മർദിച്ചു. തുടർന്ന് കെ.എസ്.യു പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെ.എസ്.യു പ്രവർത്തകർ യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽ തടിച്ചുകൂടി. യൂത്ത് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് കെ.എസ്.യു പ്രവർത്തകരെ പിരിച്ചുവിട്ടതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമം നടക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് പറഞ്ഞു. പൊലീസ് അക്രമത്തിനെതിരെ വെളളിയാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം ഏറ്റെടുത്ത് ചില ക്രിമിനൽ പശ്ചാത്തലമുള്ള മുൻകാല പാർട്ടി പ്രവർത്തകരായ പൊലീസുകാർ നിരാഹാര സമരപ്പന്തലിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.