കാമ്പസുകളിൽ എസ്.എഫ്.ഐ താലിബാനിസം നടപ്പാക്കുകയാണെന്ന് കെ.എസ്.യു; തിങ്കളാഴ്ച നിയമസഭ മാർച്ച്

കൊച്ചി: ഭരണത്തിന്‍റെ തണലിൽ എസ്.എഫ്.ഐ സംസ്ഥാനത്തെ കാമ്പസുകളിൽ താലിബാനിസം നടപ്പാക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ് സേവ്യർ. തിരുവനന്തപുരം, തൃശൂർ ലോകോളജുകളിലും കാലടി ശ്രീശങ്കര കോളജിലും നടക്കുന്ന അതിക്രമങ്ങൾ ഇതിന് തെളിവാണെന്നും അലോഷ്യസ് പറഞ്ഞു.

തിരുവനന്തപുരം ലോകോളജിൽ 21 അധ്യാപകരെ 10 മണിക്കൂറിലധികമാണ് ബന്ദികളാക്കിയത്. ഇതിൽ ഭൂരിഭാഗവും വനിതകളായിരുന്നു. എന്നാൽ, ഇതിനെതിരെ ഇടതു പക്ഷത്തെ വനിതകളാരും പ്രതികരിച്ച് കണ്ടില്ല. കാമ്പസ് തെരഞ്ഞെടുപ്പുകളിലെ പരാജയഭീതിയാണ് എസ്.എഫ്.ഐയെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്.

കാലടി ശ്രീശങ്കര കോളജിൽ ഡ്രാഗൺ എന്ന ലഹരി മാഫിയയെ കൂട്ടുപിടിച്ചാണ് എസ്.എഫ്.ഐയുടെ പ്രവർത്തനം. എതിർ സംഘടനക്കാരെ അടിച്ചൊതുക്കാൻ ഇവരെയാണ് ഉപയോഗിക്കുന്നത്. ഇവിടെ മർദനമേറ്റ കെ.എസ്.യു പ്രവർത്തകൻ ഗുരുതരാവസ്ഥയിലാണ്. ക്രിമിനലുകളായ പൊലീസുകാരുടെയും പുറമെ നിന്നുള്ള ലഹരി മാഫിയയുടെയും പിന്തുണയോടെയാണ് കാമ്പസുകളിൽ എസ്.എഫ്.ഐ തങ്ങളുടെ അജണ്ട നടപ്പാക്കുന്നത്.

ഇതിനെതിരെ മൗനം വെടിഞ്ഞ് കർശന നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ നിയമസഭയിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തും. ഇതോടൊപ്പം സംസ്ഥാനത്തെ മുഴുവൻ കാമ്പസുകളിലും അന്ന് പ്രതിഷേധ പരിപാടികൾ നടത്താൻ കെ.എസ്.യു തീരുമാനിച്ചതായും അലോഷ്യസ് സേവ്യർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - KSU says SFI is practicing Talibanism in campuses; Assembly March on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.