കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷം. കോളജ് മാഗസിൻ ഇറക്കാത്തത് സംബന്ധിച്ച് നാളുകളായി നിലനിൽക്കുന്ന തർക്കമാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് പറയുന്നത്.ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് നിയാസ് അടക്കമുള്ളവർ താമസിക്കുന്ന ഹോസ്റ്റലിലെ മുറിയിലേക്ക് തള്ളിക്കയറി എത്തിയ മുപ്പതോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ അവിടെ ഉണ്ടായിരുന്ന നാലുപേരെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു പ്രവർത്തകർ പറഞ്ഞു.
നിയാസ്, പി.പി. അതുൽ, റോബിൻസൺ, ബേസിൽ എന്നിവർ പരിക്കുകളോടെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ്. ഹോസ്റ്റലിൽ താമസക്കാരല്ലാത്തവരടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.അതേസമയം, ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന് തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
ഒന്നാം വർഷ വിദ്യാർഥികളായ ഫാരിസ്, അക്ഷയ്, ഹോസ്റ്റൽ സെക്രട്ടറി വിഷ്ണു ഷാജി, അമൽജിത്ത് എന്നിവർക്കാണ് മർദനമേറ്റതെന്ന് എസ്.എഫ്.ഐ പറഞ്ഞു. കെ.എസ്.യുക്കാർ ഹോസ്റ്റലിലെത്തി മുറികൾ ചവിട്ടിത്തുറക്കുകയും അക്രമം നടത്തുകയുമായിരുന്നു. അസ്ഥിക്ക് പൊട്ടലേറ്റതിനാൽ വിഷ്ണുവിന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടു. എസ്.എഫ്.ഐ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.