കൊച്ചി: മകരവിളക്കുകാലത്ത് ശബരിമല സന്ദർശിക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈകോടതിയിൽ. ശബരിമലയിൽ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിലടക്കം അറസ്റ്റിലായി ജാമ്യത്തിൽ കഴ ിയുന്ന സാഹചര്യത്തിലാണ് ഹരജി നൽകിയത്. എന്നാൽ, ഈ സീസണിൽ സുരേന്ദ്രനെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ശബരിമലയിൽ സ്ഥിതി ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോകുന്നതെന്നും വാദത്തിനിടെ ജസ്റ്റിസ് രാജാ വിജയരാഘവൻ വാക്കാൽ ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ബോധപൂർവശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി.
ശബരിമല ദർശനത്തിനെത്തിയ 52കാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ഡിസംബർ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. കേസിെൻറ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെ രണ്ടുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യവുമടക്കം ഉപാധികളോടെയാണ് ജാമ്യം. തീർഥാടനം പൂർത്തിയാക്കാൻ മകരവിളക്കിനുമുമ്പ് ഒരുതവണകൂടി മല ചവിട്ടണമെന്നും അതിന് അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.