ഇതിലപ്പുറം എന്തുവേണം കോയാ? അൻവറിന്റെ ചോരക്ക് വിറളി പിടിക്കണ്ട, നിരാശരാകും -കെ.ടി. ജലീൽ

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ പറയേണ്ടതൊക്കെ പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ടെന്ന് കെ.ടി. ജലീൽ എം.എൽ.എ. ‘അൻവറിനെ പൊരിവെയിലത്ത് നിർത്തി എല്ലാവരും കൂടി ചെണ്ടകൊട്ടും പോലെ കൊട്ടുമ്പോൾ ഈ വിഷയത്തിൽ ഒരു നിലപാടുണ്ടോ’ എന്ന ചോദ്യത്തിനാണ് ഫേസ്ബുക്കിൽ ജലീലിന്റെ പ്രതികരണം.

‘പാവം പി.വി. അൻവറിനെ പൊരിവെയിലത്ത് നിർത്തി എല്ലാവരും കൂടി ചെണ്ടകൊട്ടും പോലെ കൊട്ടുമ്പോഴാ നിങ്ങളുടെ ഒരു പുസ്തക പ്രകാശനം. നിങ്ങൾ എല്ലാവരും കൂടി ആ പാവത്തിനെ വണ്ടിയിൽ കയറ്റി. ഇപ്പൊ കടിച്ചതും പിടിച്ചതും ഇല്ലാത്ത അവസ്ഥയിലാ. മലപ്പുറത്ത് ഒരു ഈച്ച പാറിയാൽ ഫേസ്ബുക് പോസ്റ്റിടുന്ന താങ്കൾക്ക് അൻവർ വിഷയത്തിൽ ഒരു നിലപാടുണ്ടോ. ഉണ്ടെങ്കിൽ അതു തുറന്നു പറയാനോ എഴുതാനോ തയ്യാറാവണം മിസ്റ്റർ ജലീൽ സർ’ എന്ന് ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന് കീഴിൽ മുഹമ്മദ് ശരീഫ് എന്നയാൾ കമന്റിടുകയായിരുന്നു. അതിന് മറുപടിയായാണ് ‘അതൊക്കെ പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ട്. ഏതായാലും അൻവറിന്റെ ചോരക്ക് വിറളി പിടിക്കണ്ട. നിരാശരാകും’ -എന്ന് ജലീൽ കുറിച്ചത്.

‘അൻവറിനൊപ്പം എന്ന ഒരു പോസ്റ്റ് കൂടി ഇടാമായിരുന്നു’ -എന്ന കമന്റിന് ‘അൻവർ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടല്ലോ? മുൻ SP യെ സസ്പെൻറ് ചെയ്തില്ലേ? നിലവിലെ SP യെ സ്ഥലം മാറ്റിയില്ലേ? ADGP ക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നില്ലേ? ഇതിലപ്പുറം എന്തുവേണം കോയാ?’ എന്നാണ് ജലീലിന്റെ മറുപടി. സെൻകുമാർ എന്ന ലക്ഷണമൊത്ത സംഘിയെ പൊലീസ് സേനയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാൻ ലീഗും കോൺഗ്രസും കാണിച്ച പോരാട്ടത്തിന്റെ ''തിരുശേഷിപ്പുകളാണ്" പൊലീസിലെ സംഘി മനസ്സുള്ളവർ എന്നും അദ്ദേഹം ആരോപിച്ചു.

അൻവറിന്റേത് കോൺഗ്രസ് പശ്ചാത്തലമാണെന്ന മുഖ്യമന്ത്രിയുടെ വിമർശനം ചൂണ്ടിക്കാട്ടി, ‘താങ്കളുടെ പശ്ചാത്തലം ലീഗല്ലേ? നിങ്ങൾ പഴയ ലീഗാണെന്നു രായാവിനു പറയേണ്ടി വരുമോ?’ എന്ന് സുജിത് കെ.എം എന്നയാൾ ചോദിച്ചപ്പോൾ, ‘അതിലെന്താ സംശയം? അതുകൊണ്ടല്ലേ ലീഗിന്റെ പൊന്നാപുരം കോട്ട 2006 ൽ തകർക്കാനായത്!’ എന്നാണ് ജലീൽ പ്രതികരിച്ചത്.

ആദ്യം അൻവറിനെ പിന്തുണച്ചു, പോർട്ടൽ പ്രഖ്യാപിച്ചു, പിന്നാലെ മൗനിയായി കെ.ടി. ജലീൽ

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും മലപ്പുറം മുൻ എസ്.പിമാരായ എസ്. സുജിത് ദാസിനും ശശിധരനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പി.വി. അൻവർ രംഗത്തുവന്നപ്പോൾ ആദ്യം ​അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാളായിരുന്നു കെ.ടി. ജലീൽ. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവി​ല്ലെന്നായിരുന്നു ജലീലിന്റെ പ്രഖ്യാപനം. അൻവറിന്റെ പോരാട്ടം മാതൃകയാക്കി ‘ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങും’ എന്നും പറഞ്ഞിരുന്നു.

‘വഞ്ചകരും അഴിമതിക്കാരുമായ IPS ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് "പ്രമുഖ്മാർ" തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പൊലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിൻ്റെ "ഗുണം" കൊണ്ട്, സർവിസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത തൃശൂർപൂരം’’ -എന്നായിരുന്നു സെപ്തംബർ നാലിന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ, പോർട്ടൽ തുറക്കുന്നതടക്കമുള്ള വിഷയത്തിൽ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി രംഗത്തുവന്നു. ‘മാധ്യമങ്ങളും പ്രതിപക്ഷവും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു, കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ പി.വി. അൻവറിനെ ഉപയോഗിക്കുന്നു, അഴിമതി കണ്ടെത്താന്‍ കെ.ടി. ജലീലിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ല’ എന്നൊക്കെയാണ് സി.പി.എം സെക്രട്ടേറിയറ്റിനു ശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നടിച്ചത്. ഇതോടെ വിഷയത്തിൽ നിന്ന് ഒളിച്ചോടിയ കെ.ടി. ജലീൽ, അൻവറിനെ സംബന്ധിച്ച് പൂർണ മൗനം പാലിക്കുകയായിരുന്നു. 

Tags:    
News Summary - KT Jaleel about PV anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.