എ.എം. ആരിഫ് എം.പി, കെ.ടി. ജലീൽ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ

ജലീലും ആരിഫും റിയാസും ഷംസീറുമാണ് സി.പി.എം നിലപാട് തീരുമാനിക്കുന്നത് -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കെ.ടി. ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് സി.പി.എമ്മിന്റെ നിലപാട് തീരുമാനിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സംഘടിത മതശക്തികളുടെ അടിമയായി പാർട്ടി അധപതിച്ചുവെന്നും സി.പി.എം അനിൽകുമാറിന്റെയും അച്ച്യുതാനന്ദന്റെയും കണാരന്റെയും ഒന്നും അല്ലാതായെന്ന് അണികൾ തിരിച്ചറിയണമെന്നും സുരേന്ദ്രൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

സി.പി.എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ​അ​ഡ്വ. കെ. ​അ​നി​ൽ​കു​മാറിന്റെ ‘തട്ടം പരാമർശം’ സംസ്ഥാന​ സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ‘ത​ട്ടം ത​ല​യി​ലി​ടാ​ൻ വ​ന്നാ​ൽ അ​തു വേ​ണ്ടാ​യെ​ന്ന്​ പ​റ​യു​ന്ന പെ​ൺ​കു​ട്ടി​ക​ൾ മ​ല​പ്പു​റ​ത്തു​ണ്ടാ​യ​ത്​ ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി കേ​ര​ള​ത്തി​ൽ വ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ്’ എന്ന് തി​രു​വ​ന​ന്ത​പു​രം എ​സ​ൻ​സ്​ നാ​സ്തി​ക സ​മ്മേ​ള​ന​ത്തി​ൽ പ്രസംഗിക്കവേ അനിൽകുമാർ പറഞ്ഞിരുന്നു. ഇതിന് തിരുത്തലുമായി സി.പി.എം സഹയാത്രികനായ കെ.ടി. ജലീലും ആലപ്പുഴ എം.പി ആരിഫും രംഗത്തുവരികയും പിന്നാലെ ഗോവിന്ദൻ മാസ്റ്റർ പാർട്ടി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചാണ് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.

സുരേന്ദ്രന്റെ കുറിപ്പ് വായിക്കാം:

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിനെ പാർട്ടി എംഎൽഎയായ കെടി ജലീൽ തിരുത്തുന്നു. പാർട്ടി നിലപാടല്ല അനിൽ കുമാറിൻറെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്.

അല്ലെങ്കിൽ തന്നെ വോട്ട് ബാങ്കിൻറെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോ. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിൻറെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിൻറെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.

സിപിഎം അനിൽകുമാറിൻറെയും അച്ച്യുതാനന്ദൻറെയും കണാരൻറെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെ.ടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിൻ്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദൻറെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു.പ്രിയ ഗോവിന്ദൻജി പാർട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.

Tags:    
News Summary - A.M. Arif MP, KT. Jaleel MLA, BJP State President K. Surendran, Minister P.A. Muhammad Riyas, Speaker A.N. Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.