കൊച്ചി: പാർട്ടിയിൽ സ്വാധീനം ഉറപ്പാക്കാനും നയതന്ത്ര ചാനലിന്റെ മറവിൽ അനധികൃത ബിസിനസുകൾ നടത്താനും മുൻ മന്ത്രി കെ.ടി. ജലീൽ യു.എ.ഇ കോൺസുലേറ്റിനെ ദുരുപയോഗിച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ, പ്രോട്ടോകോൾ ലംഘിച്ച് കോൺസുലേറ്റിലെ അടച്ചിട്ട മുറിയിൽ കോൺസൽ ജനറലുമായി ജലീൽ കൂടിക്കാഴ്ച നടത്തി.
യു.എ.ഇ ഭരണാധികാരിയുടെ മനസ്സിൽ തനിക്ക് സ്ഥാനം കിട്ടാൻ സഹായിച്ചാൽ നയതന്ത്ര ചാനൽ വഴി തനിക്കു പലതും ചെയ്യാനാകുമെന്ന് ജലീൽ തന്നോട് പറഞ്ഞു. ഇക്കാര്യം കോൺസൽ ജനറലിനോട് പറഞ്ഞപ്പോൾ താൻ നടത്തുന്ന അനധികൃത ഇടപാടുകൾക്ക് മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. ജലീലുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കിൽ ജലീൽ ഇടംപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതാൻ ജലീലിനെ താൻ സഹായിച്ചു.
യു.എ.ഇ ഭരണാധികാരികളിൽ വലിയ സ്വാധീനമുണ്ടാക്കാൻ ആവശ്യമായ സഹായവും ജലീൽ തേടിയതായി സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു. 'മാധ്യമ'ത്തിനെതിര ജലീൽ അയച്ച കത്തടക്കം ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന രേഖകളും ഹൈകോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനും ജലീലിനുമടക്കമുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജികളിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഒരു രാജ്യത്തിന്‍റെ ഭരണാധികാരിയെ ബോധപൂർവം വിഡ്ഢിയാക്കാനും കബളിപ്പിക്കാനുമുള്ള ശ്രമമാണ് ജലീൽ നടത്തിയത്. വിദേശ രാജ്യത്തിന്‍റെയും പൗരന്മാരുടെയും താൽപര്യം സംരക്ഷിക്കുന്നുവെന്ന മറവിൽ നിയമപരമായി അധികാരമില്ലാതെ ഒരു രാജ്യത്തെ ഭരണാധികാരിക്ക് നേരിട്ട് കത്തെഴുതിയത് രാജ്യതാൽപര്യത്തിന് എതിരാണ്. ഭരണഘടനയുടെ നാലാം തൂൺ എന്നറിയപ്പെടുന്ന, രാജ്യത്തെ ഒരു മാധ്യമത്തിനെതിരെയാണ് കത്തെഴുതിയത്. ഇവിടത്തെ എല്ലാ പൗരന്മാരും രാജ്യത്തെ നിയമപ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തിന്‍റേതാണ്. അതിനാൽ, ഈ നടപടി രാജ്യത്തിനും സ്ഥാപനങ്ങൾക്കുമെതിരായ ഗൂഢാലോചനയാണ്.
കോൺസുലേറ്റിലേക്ക് ജലീൽ അയച്ച ഇ-മെയിൽ സാങ്കേതിക കാരണത്താൽ തുറക്കാനായില്ലെന്നും കത്തിന്റെ ഫലമറിയാൻ ജലീൽ നിരന്തരം വിളിച്ചതായും സ്വപ്ന പറഞ്ഞു. ഒരു രാജ്യത്തിന്‍റെ ഭരണാധികാരിക്ക് അയക്കാൻ മാത്രം ഉചിതമായ ഉള്ളടക്കവും ഭാഷയും അല്ലാത്തതിനാൽ വീണ്ടും തയാറാക്കി അയക്കാൻ കോൺസൽ ജനറൽ ആവശ്യപ്പട്ടു. കത്തിനൊപ്പം പത്രവാർത്തയുംകൂടി ജലീൽ തിരിച്ചയച്ചു തന്നു. കത്തിൽ പറയുന്നതുപോലെ യു.എ.ഇ ഭരണാധികാരികൾക്കോ ഭരണകൂടത്തിനോ എതിരല്ലല്ലോ പത്രത്തിലെ വാർത്തയുടെ ഉള്ളടക്കം എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്നും ഇംഗ്ലീഷ് പരിഭാഷ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് ജലീൽ മറുപടി നൽകിയത്. കൂടെ നിൽക്കാൻ കോൺസൽ ജനറൽ പറഞ്ഞതിനാൽ അദ്ദേഹത്തിന്‍റെ മെയിലിൽ കത്ത് ഭരണാധികാരിക്ക് അയച്ചു കൊടുത്തു.
ഭരണഘടന പദവിയിലുള്ള ഒരു മന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞ ലംഘനമാണ് ജലീൽ നടത്തിയത്. പ്രോട്ടോകോളിന്‍റെയും ഭരണഘടനയുടെയും ലംഘനം, ദേശവിരുദ്ധ പ്രവർത്തനം, ജനപ്രതിനിധി എന്ന നിലയിൽ ജനമർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ജലീൽ ചെയ്തത്. സ്വന്തം രാജ്യത്തെക്കാൾ വിധേയത്വം വിദേശരാജ്യമായ യു.എ.ഇയോടാണെന്ന് ജലീൽ വെളിപ്പെടുത്തിയെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ജലീലുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളും സ്വപ്ന കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.