മലപ്പുറം: ലീഗിന്റെ റിലീഫ് ഫണ്ടുകൾ പലപ്പോഴും വകമാറ്റി ചെലവഴിക്കുന്നതായാണ് കാണുന്നതെന്നും മറ്റു ഫണ്ടുകളുടെ ഗതി വയനാട് ഫണ്ടിന് ഉണ്ടാകാതെ നോക്കണമെന്നും കെ.ടി. ജലീൽ എം.എൽ.എ. മുസ്‍ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് എം.പിക്ക് അയച്ച തുറന്ന കത്തിലാണ് ജലീൽ ആവശ്യമുന്നയിച്ചത്. ഒരു കാര്യത്തിന് ഒരാൾ പണം നൽകിയാൽ ആ സംഖ്യ അതേ ആവശ്യത്തിലേക്ക് ചെലവിടാൻ വിശ്വാസികൾ എന്ന നിലയിൽ പിരിക്കുന്നവർക്ക് ബാധ്യതയുണ്ട്. അങ്ങിനെ ചെയ്യാത്ത പക്ഷം നാളെ നാഥന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. ധനവിനിയോഗ കാര്യത്തിൽ സത്യസന്ധത പുലർത്താത്തവൻ മുസ്ലിമല്ല എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. മുസ്ലിം ലീഗ് നേതൃത്വത്തെ ഇതൊന്നും ഞാൻ ഓർമ്മപ്പെടുത്തേണ്ട കാര്യമില്ല. അതിന് ബാധ്യതപ്പെട്ട പണ്ഡിതൻമാർവരെ നിസ്സംഗത പാലിക്കുമ്പോൾ ആരെങ്കിലുമൊക്കെ അക്കാര്യം ഓർമ്മപ്പെടുത്തണമല്ലോ? ആ ചുമതലയാണ് ഞാൻ നിർവഹിക്കുന്നത്’ -ജലീൽ പറഞ്ഞു.
ധനശേഖരണത്തിന് ഉണ്ടാക്കിയത് പോലെ ഒരു സ്പെഷൽ ആപ്പ് "പണം ചെലവഴിച്ചതിനും" ഉണ്ടാക്കാൻ വഹാബ് മുൻകൈയെടുക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. മറ്റു ഫണ്ടുകളുടെ ഗതി വയനാട് ഫണ്ടിന് ഉണ്ടാകാതെ നോക്കണം. ഓരോ മാസവും ചെലവാക്കുന്ന സംഖ്യയും ഏത് പ്രദേശത്താണ് ചെലവാക്കുന്നതെന്നും ആപ്പ് വഴി പൊതുസമൂഹത്തെ അറിയിച്ചാൽ ലീഗ് ചരിത്രത്തിലെ പുതിയ അദ്ധ്യായമാകും അത് -കത്തിൽ ചൂണ്ടിക്കാട്ടി.
ലീഗിന്റെ വയനാട് ഫണ്ട്!
ഒരു തുറന്ന കത്ത്!
പ്രിയപ്പെട്ട വഹാബ് സാഹിബിന്,
വസ്സലാം,
താങ്കളോടുള്ള എല്ലാ സ്നേഹവും ആദരവും നിലനിർത്തി ചില കാര്യങ്ങൾ ചോദിക്കട്ടെ. ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ജനാധിപത്യത്തെ പുഷ്കലമാക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരു പൊതുപ്രവർത്തകനാണല്ലോ താങ്കൾ? കവളപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട് അങ്ങ് മുഖപുസ്തകത്തിൽ പങ്കുവെച്ച കുറിപ്പാണ് ഈ കത്തിൻ്റെ ആധാരം. അതിൽ താങ്കൾ പറയുന്ന കാര്യങ്ങൾ ഇങ്ങിനെ സംഗ്രഹിക്കാം:"മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രളയദുരിതാശ്വാസ ഫണ്ട് സ്വരൂപിച്ചിരുന്നു. അത് വിവിധ ജില്ലകളിൽ നിന്നുള്ള അപേക്ഷകളനുസരിച്ച് വിതരണം ചെയ്യുകയാണ് ഉണ്ടായത്. മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 3 ഏക്കർ സ്ഥലമേറ്റെടുത്ത് 50 കുടുംബങ്ങൾക്ക് നൽകി. സംസ്ഥാന കമ്മിറ്റി ഒരു കോടി ചെലവിട്ട് നിലമ്പൂരിൽ നിർമ്മിക്കുന്ന പത്ത് വീടുകളുടെ പണി പൂർത്തിയായി വരുന്നു.".
ഞാൻ താങ്കളുടെ വാക്കുകൾ അവിശ്വസിക്കുന്നില്ല.
2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് എത്ര രൂപയാണ് സ്വദേശത്തുനിന്നും വിദേശത്തു നിന്നുമായി പിരിഞ്ഞു കിട്ടിയത് എന്ന് ഇന്നോളം വ്യക്തമാക്കപ്പെട്ടിട്ടില്ല. ചന്ദ്രിക പത്രത്തിലും അത് വന്നത് ഓർക്കുന്നില്ല. പ്രസ്തുത ഫണ്ട് എത്ര രൂപ വെച്ച് ആർക്കൊക്കെയാണ് നൽകിയത് എന്നകാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 50 കുടുംബങ്ങൾക്ക് 3 ഏക്കർ ഭൂമി നൽകിയതായി പറയുന്നുണ്ടല്ലോ? അത് ഏതൊക്കെ പഞ്ചായത്തുകളിലാണെന്ന് വെളിപ്പെടുത്തിയാൽ നന്നായിരുന്നു. പേരുകൾ പരസ്യപ്പെടുത്തുന്നത് ബന്ധപ്പെട്ടവർക്ക് മാനഹാനി ഉണ്ടാക്കും എന്നതിനാലാണ് പഞ്ചായത്ത് പറഞ്ഞാൽ മതി എന്ന് സൂചിപ്പിച്ചത്. എത്ര സെൻ്റ് ഭൂമിയാണ് ഓരോ കുടുംബത്തിനും കൊടുത്തത്? ആ മൂന്ന് ഏക്കർ സ്ഥലം വാങ്ങി നൽകാൻ ലീഗ് കമ്മിറ്റിക്ക് എത്ര രൂപയാണ് ആകെമൊത്തം ചെലവായത്?
സംസ്ഥാന ലീഗ് കമ്മിറ്റി കവളപ്പാറയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടുകകളുടെ പണി പ്രളയം കഴിഞ്ഞ് ആറുവർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനാകാത്തതിൻ്റെ കാരണമെന്താണ്? ഏതൊക്കെ ജില്ലകളിൽ നിന്നാണ് പ്രളയ ദുരിതാശ്വാസ സഹായത്തിനായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് അപേക്ഷകൾ കിട്ടിയത്? ഓരോജില്ലയിലെയും അപേക്ഷകളിൽ അർഹരെന്ന് കണ്ടെത്താൻ പാർട്ടി സ്വീകരിച്ച മാനദണ്ഡം എന്താണ്? അങ്ങനെ കണ്ടെത്തിയവർക്ക് എത്ര രൂപയുടെ സഹായമാണ് ഓരോ ജില്ലയിലും നൽകിയത്? പണമായാണോ സ്ഥലമായാണോ വീടായാണോ ഉപജീവന മാർഗ്ഗമായാണോ പ്രസ്തുത സഹായങ്ങൾ വിതരണം ചെയ്തത്? ലീഗ് നൽകിയ സഹായം കൈപ്പറ്റിയ വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്താൻ സാധിക്കുമോ? അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായം കൈപ്പറ്റിയവർ താമസിക്കുന്ന വിവിധ ജില്ലകളിലെ പഞ്ചായത്തുകളുടെ പേരുകളെങ്കിലും വെളിപ്പെടുത്താനാകുമോ?
മേൽ ചോദ്യങ്ങൾക്കുള്ള ഉത്തരം താങ്കൾ മുഖപുസ്തകത്തിലൂടെ നൽകും എന്ന് പ്രതീക്ഷിക്കുന്നു.
ലീഗിൻ്റെ ഫണ്ട് ശേഖരണത്തെ കുറിച്ചും വിനിയോഗത്തെ കുറിച്ചും വലിയ സംശയങ്ങൾ പൊതുസമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്നുണ്ടെന്നത് താങ്കൾക്കും അറിയാമല്ലോ? അത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.
ലീഗ് പിരിച്ച എല്ലാ ഫണ്ടുകളെ സംബന്ധിച്ചും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഗുജറാത്ത് ഫണ്ടായും സുനാമി ഫണ്ടായാലും മദ്രാസ് പ്രളയ ഫണ്ടായാലും കത്വ-ഉന്നാവോ ഫണ്ടായാലും മഹാപ്രളയ ഫണ്ടായാലും ഡൽഹിയിലെ ഖാഇദെമില്ലത്ത് സൗധം ഫണ്ടായാലും എല്ലാം. ഇതിൽ ലീഗിൻ്റെ ഡൽഹി ആസ്ഥാന ഫണ്ട് പിരിച്ചതിന് കണക്കുണ്ട്. അതിൻ്റെ വിനിയോഗത്തിൻ്റെ കണക്ക് പക്ഷെ, ഇനിയും പുറത്തു വന്നിട്ടില്ല. അത് തീർച്ചയായും ജനങ്ങളെ ആപ്പ് വഴി തന്നെ അറിയിക്കണം. സാധാരണക്കാരായ ലീഗ് പ്രവർത്തകർ പാർട്ടിയിൽ അർപ്പിക്കുന്ന വിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെ അവർ നൽകുന്ന സംഭാവനകൾ ലീഗ് നേതൃത്വത്തിൻ്റെ ഉത്തരവാദിത്തം ഏറ്റുകയാണ് ചെയ്യുക.
ധനശേഖരണത്തിന് ഉണ്ടാക്കിയത് പോലെ ഒരു സ്പെഷൽ ആപ്പ് "പണം ചെലവഴിച്ചതിനും" ഉണ്ടാക്കാൻ അങ്ങ് മുൻകയ്യെടുക്കണം. മറ്റു ഫണ്ടുകളുടെ ഗതി വയനാട് ഫണ്ടിന് ഉണ്ടാകാതെ നോക്കണം. ഓരോ മാസവും ചെലവാക്കുന്ന സംഖ്യയും ഏത് പ്രദേശത്താണ് ചെലവാക്കുന്നതെന്നും ആപ്പ് വഴി പൊതുസമൂഹത്തെ അറിയിച്ചാൽ ലീഗ് ചരിത്രത്തിലെ പുതിയ അദ്ധ്യായമാകും അത്?
പലപ്പോഴും ലീഗിൻ്റെ ഇത്തരം റിലീഫ് ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതായാണ് കാണുന്നത്. ഒരു കാര്യത്തിന് ഒരാൾ പണം നൽകിയാൽ ആ സംഖ്യ അതേ ആവശ്യത്തിലേക്ക് ചെലവിടാൻ വിശ്വാസികൾ എന്ന നിലയിൽ പിരിക്കുന്നവർക്ക് ബാദ്ധ്യതയുണ്ട്. അങ്ങിനെ ചെയ്യാത്ത പക്ഷം നാളെ നാഥൻ്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. ധനവിനിയോഗ കാര്യത്തിൽ സത്യസന്ധത പുലർത്താത്തവൻ മുസ്ലിമല്ല എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. മുസ്ലിം ലീഗ് നേതൃത്വത്തെ ഇതൊന്നും ഞാൻ ഓർമ്മപ്പെടുത്തേണ്ട കാര്യമില്ല. അതിന് ബാദ്ധ്യതപ്പെട്ട പണ്ഡിതൻമാർവരെ നിസ്സംഗത പാലിക്കുമ്പോൾ ആരെങ്കിലുമൊക്കെ അക്കാര്യം ഓർമ്മപ്പെടുത്തണമല്ലോ? ആ ചുമതലയാണ് ഞാൻ നിർവ്വഹിക്കുന്നത്. മുസ്ലിംലീഗിൻ്റെ പ്രധാന ഭാരവാഹി എന്ന നിലയിൽ താങ്കൾ മേൽപറഞ്ഞ കാര്യങ്ങൾക്ക് മുൻകയ്യെടുക്കുമെന്ന പ്രതീക്ഷയോടെ
സ്നേഹപൂർവ്വം
താങ്കളുടെ പഴയ സഹപ്രവർത്തകനും ഇപ്പോഴത്തെ അഭ്യുതയകാംക്ഷിയുമായ
ഡോ:കെ.ടി.ജലീൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.