കോഴിക്കോട്: എ.ആർ നഗർ ബാങ്ക് ക്രമക്കേടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി ജലീൽ എം.എൽ.എ. സഹകരണ ബാങ്ക് വിഷയത്തിൽ സി.പി.എം നേതാക്കൾ ചോദിച്ചാൽ വിശദീകരണം നൽകുമെന്നും ജലീൽ വ്യക്തമാക്കി.
ഇ.ഡിയിൽ കുറെക്കൂടി വിശ്വാസം ജലീലിന് വന്നിട്ടുണ്ടെന്ന് തോന്നുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്ന് ജലീൽ പറഞ്ഞു. ആ നിലക്കെ താൻ അതിനെ കാണുന്നുള്ളൂ. തന്നോട് പലപ്പോഴും ഇത്തരത്തിൽ പറയാറുണ്ടെന്നും ജലീൽ വ്യക്തമാക്കി.
ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡിക്ക് കൈമാറും. ഇ.ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. ഇതിനായി നാളെ വൈകിട്ട് ഇ.ഡിയുടെ ഓഫിസിലെത്തുമെന്ന് കെ.ടി. ജലീൽ അറിയിച്ചു. എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡിയെ സമീപിച്ച നടപടി ഉചിതമായില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിറകെയാണ് തെളിവ് നൽകാൻ ജലീൽ ബുധനാഴ്ച ഹാജരാവുന്നത്.
ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ചാണ് പോവുന്നതെന്നും അത് മുഖ്യമന്ത്രി വിലക്കിയിട്ടില്ലെന്നും ജലീൽ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരും. ലോകത്തെവിടെയും 10 രൂപയുടെ അവിഹിത സമ്പാദ്യമില്ല. ലീഗ് രാഷ്്ട്രീയത്തെ ക്രിമിനൽവത്കരിച്ച കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിെൻറ കള്ളപ്പണ-ഹവാല ഇടപാടുകൾക്കും അനധികൃത സ്വത്തു സമ്പാദനത്തിനുമെതിരെ അവസാന ശ്വാസം വരെ പോരാട്ടം തുടരും. മുഖ്യമന്ത്രി പിതൃതുല്യനാണെന്നും അദ്ദേഹത്തിന് ശാസിക്കാനും ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.