വിരമിക്കൽ മൂഡിലാണ്; ഇനി ന്യൂജെൻ വരട്ടെ, അവരുടേത് കൂടിയാണ് ഈ ലോകം -കെ.ടി. ജലീൽ

മലപ്പുറം: വിവാദങ്ങൾക്കിടെ, താൻ വിരമിക്കൽ വിരമിക്കൽ മൂഡിലാണെന്ന് കെ.ടി. ജലീൽ എം.എൽ.എ. സി.പി.എം കാണിച്ച ഉദാരതക്ക് നന്ദി, സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം. സി.പി.എം സഹയാത്രികനായി തുടരും. നവാഗതർക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്നും ബുധനാഴ്ച പുറത്തിറങ്ങുന്ന ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച പി.വി. അൻവറിന് ജലീൽ പരോക്ഷ പിന്തുണ നൽകിയിരുന്നു.

പുസ്തകത്തിന്‍റെ അവസാന അധ്യായമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും രണ്ടു പതിറ്റാണ്ടായുള്ള പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുകയാണെന്നും ജലീൽ പറയുന്നു. സുഹൃത്തിനുള്ള ഓർമക്കുറിപ്പ് എന്ന രീതിയിലാണ് പുസ്കത്തിലെ അവസാന അധ്യായം. താനൊരു വിരമിക്കൽ മൂഡിലാണ്. വായനയും എഴുത്തും ഒരു ഹരമായിക്കഴിഞ്ഞു. തന്നെപ്പോലൊരു സാധാരണക്കാരനോട് സി.പി.എം കാണിച്ച ഉദാരതക്ക് നന്ദി പറഞ്ഞാൽ മതിയാകില്ല. പാർട്ടി ആവശ്യപ്പെടുന്നിടത്തോളം സേവനം നൽകുമെന്നും സി.പി.എം സഹയാത്രികനായി തുടരുമെന്നും പുസ്തകത്തിൽ പറയുന്നു.

വിരമിക്കൽ പോലുള്ള തീരുമാനം 60 വയസ്സിനു മുമ്പ് സ്വീകരിക്കണമെന്നും അതിനപ്പുറം പോയാൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും ജലീൽ പറയുന്നു. ഇനി ന്യൂജെൻ വരട്ടെ. അവരുടേത് കൂടിയാണ് ഈ ലോകം. അധികാരക്കസേരയിൽ ഇരുന്ന് മരിക്കാമെന്ന് നമ്മളാർക്കും വാക്ക് നൽകിയിട്ടില്ലല്ലോ. ശരിയായ നിലപാട് ഉയർത്തിപ്പിടിച്ചതിന് പലപ്പോഴും ചവിട്ടിയരക്കപ്പെട്ടുവെന്നും ജലീൽ പുസ്തകത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനിയില്ലെന്ന് നേരത്തെ തന്നെ ജലീൽ വ്യക്തക്കിയിരുന്നെങ്കിലും പുസ്തകത്തിൽ കൂടുതലായി എന്താണെന്ന ആകാംക്ഷ രാഷ്ട്രീയ കേരളത്തിനുണ്ട്. കൂടുതൽ വിവരങ്ങൾ പുസ്തകം പുറത്തിറക്കുന്ന വേളയിൽ അറിയിക്കുമെന്നായിരുന്നു പ്രഖ്യാപനം. അൻവറിന് പരസ്യ പിന്തുണ നൽകാൻ ജലീൽ തയാറാകുമോ എന്നതുൾപ്പെടെ ബുധനാഴ്ച അറിയാനാകും.

അതേസമയം, അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ജലീല്‍ രംഗത്തെത്തി. കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാന്‍ എല്ലാവര്‍ക്കും ആകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും ജലീല്‍ കുറിച്ചു.

Tags:    
News Summary - KT Jaleel says he is a mood of Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.