'ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം'; കെ.എം.ഷാജിയെ പരിഹസിച്ച് കെ.ടി.ജലീൽ

മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജിയെ പരിഹസിച്ച് കെ.ടി.ജലീൽ എം.എൽ.എ. കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് രേഖകളില്ലാതെ പിടികൂടിയ പണം കണ്ടുകെട്ടാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പരിഹാസം. 'ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം' എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ജലീൽ പറയുന്നത്.

ഷാജിയിൽ നിന്ന് പിടിച്ചെടുത്ത തുക സർക്കാറിലേക്ക് കണ്ടുകെട്ടാൻ വിജിലൻസിന് ആഭ്യന്തരവകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. 47.35 ലക്ഷം രൂപയാണ് കണ്ടുകെട്ടുക. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി രമേശനെ നിയോഗിക്കുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദനമെന്ന നിലക്കാണ് തുക കണ്ടുകെട്ടുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.

കെ.ടി.ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം താഴെ

എൻ്റെ പഴയ സുഹൃത്തിൻ്റെ ഒരു ഫാഗ്യം!!!

നാടും മേടും വീടും മലവെള്ളപ്പാച്ചിലിൽ പകച്ച് നിന്ന കാലം. നദികളും തോടുകളും കായലുകളും കവിഞ്ഞൊഴുകി കരയെ വിഴുങ്ങിയ നാളുകൾ. കുന്നും മലകളും നാട്ടിൻപുറങ്ങളെ മണ്ണും കല്ലുമിട്ട് പുതച്ചുമൂടിയ ദിനങ്ങൾ. തിമർത്ത് പെയ്യുന്ന മഴയും ആഞ്ഞ് വീശുന്ന കാറ്റും മലയാളികളെ വിറപ്പിച്ച രാപ്പകലുകൾ. ഡാമുകൾ തുറന്ന് വിട്ടപ്പോൾ രൗദ്രഭാവം പൂണ്ടെത്തിയ വെള്ളം മദയാനയെപ്പോലെ ഉറഞ്ഞുതുള്ളിയ ദിനരാത്രങ്ങൾ.


ലോകം മുഴുവൻ കേരളത്തിനുമേൽ സഹായ ഹസ്തം നീട്ടി താങ്ങായി നിന്ന പ്രതിസന്ധി ഘട്ടം. പതിറ്റാണ്ടുകളുടെ നേട്ടങ്ങൾ ആർത്തലച്ചെത്തിയ വെള്ളം തകർത്തെറിഞ്ഞ ശപിക്കപ്പെട്ട നിമിഷങ്ങൾ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈക്കുഞ്ഞ് മുതൽ നൂറു വയസ്സ് പിന്നിട്ടവർ വരെ ദേശ-ഭാഷ വ്യത്യാസമില്ലാതെ കഴിവിനപ്പുറം നൽകി സാമൂഹ്യ ബാദ്ധ്യത നിർവ്വഹിച്ച ചരിത്ര മുഹൂർത്തം.അന്ന് ഒരു നയാപൈസ മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ എൻ്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിൻ്റെ പൊതു ഖജനാവിലേക്ക് മുതൽകൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ!!!

കേന്ദ്ര സർക്കാരിനെ പിണക്കേണ്ടെന്ന് കരുതി ED ക്ക് അഴീക്കോട്ടെ തൻ്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം "ഹദിയ" (സമ്മാനം) നൽകിയിരുന്നു!!! BJP സർക്കാരിന്: അഴീക്കോട്ടെ വീടും സ്ഥലവും ഇടതു സർക്കാരിന്: അരക്കോടി.ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം!!!

(വാൽക്കഷ്ണം: സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച മഹാൻമാരായ ലീഗിൻ്റെ മൺമറഞ്ഞ നേതാക്കളുടെ സംശുദ്ധ ജീവിതം അണികൾക്ക് ക്ലാസ്സ് എടുക്കുന്നതിന് മുമ്പ് ആ മഹത്തുക്കളുടെ പേരുകൾ ഉച്ഛരിക്കാനുള്ള യോഗ്യതയെങ്കിലും ബന്ധപ്പെട്ടവർ നേടാൻ ശ്രമിക്കുന്നത് നന്നാകും)

Tags:    
News Summary - KT Jaleel mocking KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT