ശാസ്താംകോട്ട: അമിതപലിശക്ക് പണം കൊടുക്കുന്ന രണ്ടുപേർ ശൂരനാട് പൊലീസിന്റെ പിടിയിലായി. പോരുവഴി ഇടയ്ക്കാട് പാലത്തടത്ത് മേലതിൽ ഉണ്ണിക്കൃഷ്ണൻ(48), സഹോദരൻ തിരുവനന്തപുരം ഇടവ വെൺകുളം കളീയ്ക്കൽവീട്ടിൽ മോഹനൻപിള്ള (62) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന് ഇടയ്ക്കാട് സ്വദേശിനിയായ യുവതി ഉണ്ണിക്കൃഷ്ണനെതിരെ നൽകിയ പരാതിയിൽ ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി പേർക്ക് അമിതപലിശക്ക് പണം കടം കൊടുത്തിട്ടുള്ളതായും ഈടായി ബ്ലാങ്ക് ചെക്കുകളും എഗ്രിമെന്റ് എഴുതിയതും എഴുതാത്തതുമായ മുദ്രപ്പത്രങ്ങളും വെള്ളപേപ്പറിൽ റവന്യൂ സ്റ്റാമ്പൊട്ടിച്ച് ഒപ്പിടീച്ചും ഒപ്പിട്ട ചെക്കുബുക്കുകളും വാങ്ങുന്നതായും ഇവ ഉപയോഗിച്ച് പലിശ മുടങ്ങുന്നവരുടെ വസ്തുവകകൾ സ്വന്തം പേരിലേക്ക് എഴുതിയെടുക്കുകയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ പൂരിപ്പിച്ച് കോടതികളിൽ കേസ് കൊടുക്കുകയുമാണെന്ന് വ്യക്തമായി. പണം കൊടുക്കാത്തവരെ ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ഉണ്ട്. ഭീഷണി ഭയന്ന് പലരും പ്രതി പറയുന്നത് അംഗീകരിച്ചുകൊടുക്കുന്നതായും കണ്ടെത്തി. തുടർന്ന് ഒരാഴ്ചയായി പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്.
24 കാരിയും ഭർത്താവും കൂടി ആഴ്ചയിൽ മുതലും പലിശയും ചേർത്ത് 12000 രൂപ അടക്കണമെന്ന വ്യവസ്ഥയിൽ ഒരു ലക്ഷം രൂപയും പിന്നീട് മുതലും പലിശയും 2250 രൂപ ദിവസപ്പിരിവ് നൽകണമെന്ന വ്യവസ്ഥയിൽ ഒന്നര ലക്ഷം രൂപയും അതിനുശേഷം ആഴ്ചയിൽ 50000 രൂപ നൽകണമെന്ന വ്യവസ്ഥയിൽ നാലുലക്ഷം രൂപയും വാങ്ങിയിരുന്നു. പലിശ മുടങ്ങിയപ്പോൾ മുതലും പലിശയും ചേർത്ത് 11.5 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എഗ്രിമെന്റ് എഴുതി.
തുടർന്നും നിരന്തരം ഭീഷണിയെയും പിന്തുടർന്ന് ശല്യപ്പെടുലിനെയും തുടർന്നാണ് യുവതി പരാതി നൽകിയത്. ഉണ്ണിക്കൃഷ്ണനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ചെക്ക് ലീഫുകൾ ഉൾപ്പെടെ രേഖകൾ സഹോദരനായ മോഹനൻപിള്ളയുടെ വർക്കലയിലെ പിള്ളയുടെ വീട് റെയ്ഡ് ചെയ്ത് കണ്ടെത്തുകയായിരുന്നു. പരാതിക്കാരിയിൽനിന്ന് പത്രത്തിൽ എഴുതി വാങ്ങിയ എഗ്രിമെന്റുകളും റവന്യൂ സ്റ്റാമ്പ് പതിച്ച് ബ്ലാങ്ക് പേപ്പറും കണ്ടെടുത്തു. ഇതിനുപുറമേ നിരവധി കൃത്രിമ രേഖകളും കണ്ടെടുത്തതിനെതുടർന്ന് മോഹനൻപിള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉണ്ണിക്കൃഷ്ണൻ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളും മണി ലെൻഡേഴ്സ് ആക്ട് പ്രകാരം പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് അറിഞ്ഞ് ഇയാളിൽനിന്ന് പണം വാങ്ങിയ നിരവധിപേർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. ശാസ്താംകോട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജോസഫ് ലിയോൺ, ശാസ്താംകോട്ട എസ്.ഐ ഷാനവാസ്, ശൂരനാട് എസ്.ഐമാരായ ദീപു പിള്ള, ഷാജഹാൻ, വിനയൻ, വിനോദ്, എസ്.സി.പി.ഒമാരായ രഞ്ജു കൃഷ്ണൻ, വിജേഷ്, അജീന എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.