തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിനിടെ പൊടിയാടിയിൽ തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം 25 പേർക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു.
ഗതാഗതം തടസ്സപ്പെടുത്തി ഡിവൈഎസ്പിക്ക് നേരെ തട്ടിക്കയറി എന്നീ വകുപ്പുകൾ ചുമത്തി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സതീഷ് ചാത്തങ്കരി, നേതാക്കളായ ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അരുന്ധതി അശോക്, ബെഞ്ചമിൻ തോമസ് തുടങ്ങി 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ 25 ആം തീയതി വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഉപവാസ സമരത്തിൻറെ സമാപന സമ്മേളന വേദിക്ക് അരികിൽ എൻ.ആർ.ഇ.ജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എത്തിയ വാഹനജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചുള്ള സി.പി.എം നേതാക്കളുടെ പ്രസംഗം ആരംഭിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തങ്ങളുടെ പരിപാടി അലങ്കോലപ്പെടുത്താൻ ഉള്ള സി.പി.എമ്മിന്റെ നീക്കം ആണിതെന്നും പരിപാടി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തിരുവഞ്ചൂരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് റോഡ് ഉപരോധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.