മാനന്തവാടി: കോവിഡ് വ്യാപന ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി കുടുംബശ്രീ ഹോട്ടലുകൾ. കോവിഡ് ദുരിതകാലത്ത് 400ലേറെ പേരാണ് പ്രതിദിനം ജനകീയ ഹോട്ടലിനെ ആശ്രയിക്കുന്നത്.
20 രൂപക്ക് സുഭിക്ഷമായ ഉച്ചഭക്ഷണം നൽകുന്നതോടൊപ്പം മാനന്തവാടിയിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം നൽകുന്നതും ഇവിടെനിന്നാണ്. ജനകീയ ഹോട്ടൽ നടത്തിപ്പിനായുള്ള മാർഗനിർദേശങ്ങളും സാമ്പത്തിക സഹായങ്ങളും കുടുംബശ്രീ സി.ഡി.എസ് വഴിയാണ് നൽകുന്നതെന്ന് മാനന്തവാടി നഗരസഭ സി.ഡി.എസ് ചെയർപേഴ്സൻ ചുമതല വഹിക്കുന്ന വൽസ മാർട്ടിൻ പറഞ്ഞു.
കഴിഞ്ഞ വർഷം ലോക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിലാണ് മുഖ്യമന്ത്രി സമൂഹ അടുക്കളകളും കുടുംബശ്രീ വഴി 20 രൂപക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകളും തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നത്. തുടർന്ന് മാനന്തവാടി ഗവ. യു.പി സ്കൂളിൽ സമൂഹ അടുക്കള ആരംഭിച്ച് പ്രതിദിനം 600ലേറെ പേർക്ക് മൂന്നുനേരം സൗജന്യ ഭക്ഷണം 92 ദിവസം നൽകി. തുടക്കത്തിൽ മാനന്തവാടിയിലെ വിവിധ ക്വാറൻറീൻ കേന്ദ്രങ്ങൾ, ജില്ല ആശുപത്രിയിലെ രോഗികൾ, ജീവനക്കാർ, അന്തർസംസ്ഥാന തൊഴിലാളികൾ, നിരാലംബർ എന്നിവർക്കെല്ലാം സൗജന്യ ഭക്ഷണം നൽകി.
മാനന്തവാടി-തലശ്ശേരി റോഡിൽ മാനന്തവാടി സി.ഡി.എസിനു കീഴിലെ ധനശ്രീ കുടുംബശ്രീ നേതൃത്വത്തിൽ ജനകീയ ഹോട്ടലും ആരംഭിച്ചു. പിന്നീട് മാനന്തവാടി കോഴിക്കോട് റോഡിൽ ജ്യോതിസ്സ് കുടുംബശ്രീയും ജനകീയ ഹോട്ടൽ തുടങ്ങി. ഈ ഹോട്ടലുകളിലൊക്കെ ഏകീകൃത സ്വഭാവത്തോടെയാണ് ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ തയാറാക്കി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.