തദ്ദേശീയ സമൂഹത്തിന്‍റെ സ്പന്ദനങ്ങളുമായി കുടുംബശ്രീ 'കനസ് ജാഗ' ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു

കൊച്ചി: തദ്ദേശീയ സമൂഹത്തിന്‍റെ നേര്‍കാഴ്ചകള്‍ ഒപ്പിയെടുത്ത ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീയുടെ 'കനസ് ജാഗ' ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. എറണാകുളം സെന്‍റ്തെരേസാസ് കോളജില്‍ ആരംഭിച്ച ഹ്രസ്വചലച്ചിത്ര മേളയുടെ ആദ്യ ദിനത്തിൽ കരുത്തുറ്റ പ്രമേയങ്ങളുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. മന്ത്രി എം.ബി രാജേഷ് ഹ്രസ്വചലച്ചിത്ര മേള ഓണ്‍നാലായി ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി ശ്രീനിജന്‍ എം.എല്‍.എ,അധ്യക്ഷത വഹിച്ചു.

തദ്ദേശീയ സമൂഹത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിച്ചു കൊണ്ട് അവരുടെ സമഗ്ര വികാസത്തിനായി കുടുംബശ്രീ നടത്തുന്ന സാംസ്കാരിക ഇടപെടല്‍ വലിയ വിജയമായി വിലയിരുത്തപ്പെടുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സമൂഹത്തിലെ പല ശ്രദ്ധേയമായ വിഷയങ്ങളെയും സ്പര്‍ശിക്കുന്നവയാണ് ഹ്രസ്വചലച്ചിത്ര മേളയിലെ ഓരോ ചിത്രങ്ങളും. തദ്ദേശീയമേഖലയിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതും ചലച്ചിത്ര മേള നടത്തുന്നതും ഇന്‍ഡ്യയില്‍ തന്നെ ആദ്യമാണ്.

പരിസ്ഥിതി പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അതിന്‍റെ പ്രത്യാഘാതങ്ങളും, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സ്വീകരിച്ച പ്രമേയങ്ങളെല്ലാം ഏറെ പ്രസക്തമാണ്. കുടുംബശ്രീ നടത്തുന്ന അഭിമാനകരമായ ഇടപെടലുകളില്‍ ഏറ്റവും നവീനമായ ഒന്നാണ് ഇപ്പോള്‍ സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്രമേള. ഇത്തരമൊരു നൂതനാശയം നടത്താന്‍ മുന്‍കൈയെടുത്ത കുടുംബശ്രീയേയും സ്വന്തമായി കഥയും തിരക്കഥയും എഴുതി ചിത്രീകരിച്ച സിനിമകളുമായി എത്തിയ തദ്ദേശീയ മേഖലയിലെ സമര്‍ത്ഥരായ കുട്ടികളെയും മന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ പി.വി ശ്രീനിജന്‍ എം.എല്‍എ അധ്യക്ഷ വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി. ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, കോര്‍പ്പറേഷന്‍ സ്ഥിരം സമിതിഅധ്യക്ഷരായ പി.ആര്‍ റെനീഷ്, ഷീബ ലാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം മരുതി മുരുകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ രതീഷ് കാളിയാടന്‍, കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അനില്‍ കെ പോള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡോ.സലില്‍ യു, ജയന്‍ എം,വി, മിനി സി.ആര്‍, അട്ടപ്പാടി സുസ്ഥിര വികസന പദ്ധതി അസിസ്റ്റന്‍റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ മേരി മിനി, ലത ബാബു, നബീസ ലത്തീഫ്, സെന്‍റ് തേരേസാസ് കോളേജ് സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.സജിമോള്‍ അഗസ്റ്റിന്‍, സേവ് ദി ചില്‍ഡ്രന്‍ പ്രതിനിധികളായ മിന്‍റു ദേവ്നാഥ്, നിര്‍മ്മല്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് നന്ദി പറഞ്ഞു.

Tags:    
News Summary - Kudumbashree 'Kanas Jaga' film festival kicks off with local community vibes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.