മട്ടാഞ്ചേരി: കൊച്ചി കോർപറേഷനിലെ കൂടുതൽ ഡിവിഷനുകളിൽ കുടുംബശ്രീ വായ്പ തട്ടിപ്പ് നടന്നതായ വിവരം പുറത്തുവരുന്നു. സ്ത്രീകൾ അടക്കമുള്ള വലിയ റാക്കറ്റ് തട്ടിപ്പിന് പിറകിലുണ്ടെന്നാണ് സൂചന. കാൽനൂറ്റാണ്ടിലേക്ക് കടന്ന കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വസ്തയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ് നീങ്ങുന്നത്. വായ്പകൾക്ക് കമീഷൻ നൽകേണ്ടി വരുന്നെന്ന വീട്ടമ്മമാരുടെ ആക്ഷേപത്തിനു പിറകെയാണ് വ്യാജരേഖകൾ ചമച്ചുള്ള തട്ടിപ്പുകളുടെ ചുരുളഴിയുന്നത്.
രണ്ട് ഡിവിഷനുകളിൽ നടന്ന തട്ടിപ്പ് സംബന്ധിച്ചാണ് ആദ്യം ഈ ഡിവിഷനിലെ കൗൺസിലർമാരും സി.ഡി.എസ് ചെയർപേഴ്സനും പൊലീസിൽ പരാതി നൽകിയത്. 13, 20 ഡിവിഷൻ കൗൺസിലർമാരായ വി.എ. ശ്രീജിത്, പി.എസ്. വിജു എന്നിവരാണ് പരാതി നൽകിയത്. ഇവരുടെ വ്യാജ സീലും വ്യാജ ഒപ്പും ഉപയോഗിച്ചാണ് ഈ ഡിവിഷനുകളിൽ തട്ടിപ്പ് നടത്തിയത്. കൂടുതൽ ഡിവിഷനുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി പരാതി ഉയരുകയാണ്.
28ാം ഡിവിഷനിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. മുൻ എ.ഡി.എസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൃത്രിമ രേഖകളുണ്ടാക്കി ലിങ്കേജ് വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി നൽകിയതായി ഡിവിഷൻ കൗൺസിലറും നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുമായ പ്രിയ പ്രശാന്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
കുടുംബശ്രീ ഗ്രൂപ്പുകൾ അറിയാതെയാണ് കോടികളുടെ തട്ടിപ്പെന്നത് ഏറെ ഗൗരവമായാണ് അധികൃതർ കാണുന്നത്. കുടുംബശ്രീ ഗ്രൂപ് അംഗങ്ങൾ നിലവിൽ വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതിനു പിറകെ ഇവരുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് മറ്റൊരു വായ്പ കൂടി തട്ടിപ്പു സംഘം തയാറാക്കുന്നതാണ് രീതി. കോടികൾ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊലീസിന് നൽകിയ പരാതികളെ തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നേരത്തേ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതി മട്ടാഞ്ചേരി അസി. കമീഷണർക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് അസി. കമീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുടുംബശ്രീ യൂനിറ്റുകൾക്ക് ലിങ്കേജ് വായ്പ നൽകുന്ന ബാങ്കുകളിൽ അന്വേഷണം നടത്തി കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പൊലീന് അന്വേഷിച്ചു വരുകയാണ്.
നിർജീവമായി കിടക്കുന്ന അയൽക്കൂട്ടങ്ങളുടെ പേരിലും ഇപ്പോൾ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ പേരിലും വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പല വീട്ടമ്മമാർക്കും അവരറിയാതെ എടുത്ത വായ്പയുടെ പേരിൽ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.