പള്ളുരുത്തി: കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരിൽ വ്യാജ രേഖകൾ നിർമിച്ച് കോടികളുടെ തട്ടിപ്പ് നടന്നെന്ന പരാതിയിൽ പള്ളുരുത്തി സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.കാൽ നൂറ്റാണ്ടിലേക്ക് കടന്ന കുടുംബശ്രീയുടെ വിശ്വസ്തതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സ്ത്രീകളടങ്ങുന്ന സംഘം തട്ടിപ്പുകൾ നടത്തിയത്. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡിൽ കളത്തിൽ പറമ്പിൽ ദീപ (41), നമ്പ്യാപുരം തായ്ക്കാട്ട് പറമ്പിൽ നിഷ (41) എന്നിവരാണ് പിടിയിലായത്.
ഇരുവരും തട്ടിപ്പിലെ പ്രധാന ഏജന്റുമാരാണെന്നാണ് പൊലീസ് അറിയിച്ചത്. ഏഴോളം വായ്പകളിൽ നിന്നായി ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തത്. തട്ടിപ്പ് സംബന്ധിച്ച തെളിവുകൾ ശേഖരിച്ചാണ് ഇരുവരെയും വീടുകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.നിഷ ദൃശ്യയെന്ന കുടുംബശ്രീ ഗ്രൂപ്പിലെ അംഗമാണ്. മൈക്രോഫിനാൻസുകാർക്ക് വായ്പക്കായി സ്ത്രീകളെ കണ്ടെത്തി നൽകുന്നയാളാണ് ദീപ. ഇത്തരത്തിൽ മൈക്രോ ഫിനാൻസ് വായ്പക്കായി ശേഖരിച്ച രേഖകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
നിരവധി വീട്ടമ്മമാരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നാണ് അറിയുന്നത്. വായ്പ തട്ടിപ്പിൽ ബാങ്ക് അധികൃതർക്കും പങ്കുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കൊച്ചി നഗരസഭ 13, 20 ഡിവിഷനുകളിലെ കൗൺസിലർമാരായ വി.എ ശ്രീജിത്ത്, പി.എസ്. വിജു എന്നിവർ കൊച്ചി സിറ്റി കമീഷണർക്ക് നൽകിയ പരാതിയിൽ മട്ടാഞ്ചേരി അസി. കമീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പശ്ചിമകൊച്ചി മേഖലയിലെ ചില ഡിവിഷനുകളിലാണ് കൗൺസിലർമാർ, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ഒപ്പും സീലും രേഖകളും തയാറാക്കി തട്ടിപ്പ് നടത്തിയത്. പല ഡിവിഷനുകളിലും ലിങ്കേജ് വായ്പകൾക്കായി എ.ഡി.എസ് ഭാരവാഹികൾ കമീഷൻ വാങ്ങുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.