തിരുവനന്തപുരം: 'മൂന്നുദിവസമായി ഒപ്പമുണ്ടായിരുന്നവനാ. മഴയാണ് കയറിവാ എന്ന് പറഞ്ഞുതീരും മുമ്പേ അവൻ മാലിന്യത്തിനടിയിലേക്ക് പോയി...' ഇതു പറയുമ്പോൾ വാക്കുകൾ പോലെ അമരവിളസ്വദേശി കുമാറിന്റെ ശരീരവും വിറക്കുന്നുണ്ടായിരുന്നു.
കൺമുന്നിൽ സുഹൃത്ത് മുങ്ങിത്താഴുന്നത് കണ്ടതിന്റെ വേദന വാക്കുകളിൽ പ്രകടമായിരുന്നു. മഴ കൂടിയതോടെ വെള്ളത്തിന്റെ ഒഴുക്കും പെെട്ടന്ന് കൂടി. കയറാൻ പറഞ്ഞപ്പോൾ കുറച്ചുകൂടി വേസ്റ്റ് മാറ്റാനായാണ് അവൻ അവിടെ നിന്നത്. വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ കല്ലിൽ കയറിയെങ്കിലും തെന്നി വീണു. ഉടൻ കയറിട്ടുകൊടുത്തെങ്കിലും അവൻ ഉള്ളിലേക്ക് ഒഴുകിപ്പോയി. ഞാൻ വിളിച്ചിട്ടാണ് ജോലിക്ക് വന്നത്.
ഇതേപോലെ ജോലിയുള്ളപ്പോഴൊക്കെ വരാറുണ്ട്. എതിര്‍വശത്തെ ക്ലീനിങ് കഴിഞ്ഞ് ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് വന്നത്. പക്ഷേ അത് ഇങ്ങനെയാവുമെന്ന് കരുതിയില്ല' കുമാറിന് വാക്കുകളിടറി. ഫയര്‍ഫോഴ്സിന്റെ തിരച്ചില്‍ നടക്കുമ്പോള്‍ കൂട്ടുകാരന് ഒന്നും പറ്റരുതേയെന്ന പ്രാര്‍ഥനയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിനരികിൽ കാത്തുനിൽക്കുകയായിരുന്നു റെയിൽവേ കരാര്‍ നല്കിയ കോണ്‍ട്രാക്ടിലെ സൈറ്റ് സൂപ്പര്‍വൈസറായ കുമാർ.
ജോയി വരുമെന്ന പ്രതീക്ഷയിൽ മേരി കാത്തിരിക്കുന്നു
വെള്ളറട: മൂത്തമകൻ കോശിയുടെ ഭാര്യയെ മരണം തട്ടിയെടുത്തിട്ട് ഒരാഴ്ച പിന്നിടും മുമ്പാണ് മാരായമുട്ടം മലഞ്ചരികത്തുവിളവീട്ടിൽ മേരിയെന്ന 75കാരിയെത്തേടി മറ്റൊരു ദുരന്തവാർത്ത എത്തിയത്. ഇളയമകനും തന്റെ ആശ്രയവുമായ ജോയിയെ ശുചീകരണജോലിക്കിടെ ആമയിഴഞ്ചാൻതോട്ടിൽ വീണ് കാണാതായെന്ന വാർത്ത. ഭർത്താവ് നേശമണിയുടെ മരണശേഷം കഴിഞ്ഞ 10 വർഷമായി മേരിയും അവിവാഹിതനായ മകൻ ജോയിയും മാത്രമാണ് വീട്ടിലുള്ളത്.
സ്ഥിരവരുമാനമില്ലെങ്കിലും തേടി വരുന്ന ജോലികളെല്ലാം മടികൂടാതെ ചെയ്ത് ജോയി തനിക്കും അമ്മക്കും ചെലവിനുള്ള വക കണ്ടെത്തുമായിരുന്നു. സ്വന്തമായി വീടില്ലാതെ ഇരുവരും സഹോദരിക്ക് എഴുതി നൽകിയ വീട്ടിലായിരുന്നു താമസം.
എല്ലാവരോടും ചിരിച്ച് പെരുമാറുന്ന കൂലിപ്പണിക്കാരനായ ജോയി ഏത് പണിയും ആത്മാർഥതയോടെ ഏറ്റെടുക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ജോലി കഴിഞ്ഞ് പതിവായി മാരായമുട്ടം ജങ്ഷനിലെത്തി സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിച്ച ശേഷമേ ജോയി വീട്ടിലേക്ക് പോയിരുന്നുള്ളൂ.
രണ്ട് സഹോദരിമാരിൽ ഒരാൾ വിവാഹമോചിതയാണ്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ജോയിക്ക് മഴ കാരണം കുറച്ചുനാളായി ജോലി ഇല്ലായിരുന്നു. അന്നേരം ആക്രിപെറുക്കിവിറ്റാണ് ജോയി അമ്മയെ നോക്കിയത്. അതിനിടെയാണ് റെയിൽവേയുടെ ഭാഗത്തുള്ള ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനുള്ള അവസരം ലഭിച്ചത്. തന്നെ തനിച്ചാക്കി മകൻ പോകില്ലെന്നും ഉറപ്പായും തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിൽ മേരി കാത്തിരിക്കുകയാണ് ആ വീടിനുമുന്നിൽ.
തിരുവനന്തപുരം: തുള്ളിക്കൊരുകുടമായി എത്തിയ അപ്രതീക്ഷിത മഴയെ തുടർന്ന് തോട്ടിൽ പെട്ടെന്നുണ്ടായ അടിയൊഴുക്കാണ് നഗരം ഇന്നുവരെ കാണാത്ത രക്ഷാദൗത്യത്തിലേക്ക് ഫയർഫോഴ്സിനെ തള്ളിവിട്ടത്. തമ്പാനൂരിൽ ഇന്ത്യൻ കോഫി ഹൗസിന് എതിർവശത്തായി റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ് ദാരുണസംഭവം.
രാവിലെ എട്ടോടെ പവർഹൗസ് റോഡിന് സമീപത്തെ തോടിന്റെ ഭാഗം വൃത്തിയാക്കിയ ശേഷമാണ് ഇവർ സംഭവസ്ഥലത്തേക്ക് വന്നത്. അമരവിള സ്വദേശിയും സൂപ്പർവൈസറുമായ കുമാറിന്റെ നേതൃത്വത്തിൽ ജോയി അടങ്ങുന്ന നാലംഗസംഘമാണ് റെയിൽവേ സ്റ്റേഷൻ പരിധിയിലെ ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇറങ്ങിയത്.
ഇതരസംസ്ഥാന തൊഴിലാളികളായ തപൻദാസും ബിശ്വജിത്തും ഒപ്പമുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നത് കണ്ട് കുമാർ ജോയിയോട് കരക്കുകയറാൻ ആവശ്യപ്പെട്ടു. എന്നാൽ ജോയി തൊട്ടടുത്ത പാറയിൽ ചവിട്ടിനിൽക്കാൻ ശ്രമിച്ചു. ഒഴുക്കിന്റെ ശക്തിയിൽ ജോയി കാലിടറി ടണലിനുള്ളിലേക്ക് വീണു. ഉടനെ ഫയർ ഫോഴ്സ് സംഘത്തെ വിവരം അറിയിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ബി. സുഭാഷിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീം അംഗങ്ങൾ സ്ഥലത്തെത്തി പരിശ്രമിച്ചെങ്കിലും വെള്ളത്തിൽ ഒരു മീറ്ററോളം പൊക്കത്തിൽ അടഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ വെല്ലുവിളിയായി.
തോടിലെ ടണലിൽ ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ ആദ്യ മണിക്കൂറിൽതന്നെ ഓക്സിജൻ സിലിണ്ടർ ധരിച്ച് ഏഴുമീറ്ററോളം ഉള്ളിൽ കടന്ന് പരിശോധന നടത്തിയെങ്കിലും പ്ലാസ്റ്റിക് കുപ്പികളും കവറിൽ കെട്ടിയെറിയുന്ന മാലിന്യവും നിറഞ്ഞുകിടക്കുന്നതിനാൽ കൂടുതൽ ഉള്ളിലേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് ഉച്ചയോടെ തോടിനോട് ചേർന്ന് സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ ഇളക്കിമാറ്റി, നഗരസഭയുടെ നേതൃത്വത്തിൽ ജെ.സി.ബി എത്തിച്ച് മാലിന്യം കോരിമാറ്റി.
എന്നിട്ടും ഉള്ളിൽ അടിഞ്ഞികൂടിയ മാലിന്യം നീക്കാനായില്ല. ഇതോടെ രക്ഷാപ്രവർത്തനം വെല്ലുവിളിയായി. രാവിലെ മഴയുള്ളതിനാൽ ശുചീകരണപ്രവർത്തനങ്ങൾ വേണ്ടെന്ന് പറഞ്ഞിരുന്നതായാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ല കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർ ഫോഴ്സിന് പുറമെ പൊലീസ്, നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ, ആർ.പി.എഫ് തുടങ്ങിയവരെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.