തിരുവനന്തപുരം: രണ്ടു പരസ്യ രണ്ടു പരസ്യ വെല്ലുവിളികൾ കേട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാൾ ദിനം ആചരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവും സർക്കാർ ഭൂമി ഇനിയും കയ്യേറുമെന്ന് മന്ത്രിയും വെല്ലുവിളി നടത്തിയെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.
മലയാളികളുടെ ദൗർഭാഗ്യം എന്ന് പറയട്ടെ ഈ രണ്ട് വെല്ലുവിളികളോടും മൗനം പാലിക്കുകയാണ് കേരളത്തിലെ ഭരണാധികാരികൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ തീവ്രവാദികൾക്കും അഴിമതിക്കാർക്കും കുടപിടിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
രണ്ടു പരസ്യ വെല്ലുവിളികൾ കേട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാൾ ദിനം ആചരിക്കുന്നത്. കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവും സർക്കാർ ഭൂമി ഇനിയും കയ്യേറുമെന്ന് മന്ത്രിയും. അറുപത് വർഷത്തെ ഇടത് വലത് ഭരണത്തിന് ശേഷം കേരളം എവിടെയെത്തി നിൽക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ രണ്ട് വെല്ലുവിളികളും. സാമൂഹ്യ വിരുദ്ധർക്കും നിയമലംഘകർക്കും ആരെ വേണമെങ്കിലും വെല്ലുവിളിക്കാം. എന്നാൽ ആ വെല്ലുവിളികളോട് ഭരണാധികാരികൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. മലയാളികളുടെ ദൗർഭാഗ്യം എന്ന് പറയട്ടെ ഈ രണ്ട് വെല്ലുവിളികളോടും മൗനം പാലിക്കുകയാണ് കേരളത്തിലെ ഭരണാധികാരികൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ തീവ്രവാദികൾക്കും അഴിമതിക്കാർക്കും കുടപിടിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.
കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞത് പോപ്പുലർ ഫ്രണ്ടിന്‍റെ വനിതാ വിഭാഗം അഖിലേന്ത്യാ അദ്ധ്യക്ഷ എ എസ് സൈനബയാണ്. ഇതിനായി മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യസരണിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി. ഇന്ത്യയിലെ ജിഹാദി പ്രവർത്തനങ്ങൾക്കും ലൗവ് ജിഹാദ് പോലെയുള്ള മതപരിവർത്തനത്തിനും ഹവാലാ ഇടപാട് വഴി വിദേശ പണം സത്യസരണിക്ക് കിട്ടുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യവും സൈനബ പറയുന്നുണ്ട്. ഒരു ദേശീയ ചാനൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് ഇക്കാര്യങ്ങൾ സൈനബ വെളിപ്പെടുത്തിയത്. അതോടൊപ്പം തേജസ് ദിനപ്പത്രത്തിന്‍റെ ദുബായ് മേധാവിയുടെ വെളിപ്പെടുത്തലും ചാനൽ പുറത്തു വിട്ടിട്ടുണ്ട്.
ദേശ സുരക്ഷയെത്തന്നെ ബാധിക്കുന്ന വലിയൊരു വിവരം ഉത്തരവാദപ്പെട്ട ഒരു മാധ്യമ സ്ഥാപനം പുറത്തു വിട്ടിട്ടും ഇക്കാര്യം അറിഞ്ഞ ഭാവം പോലും പിണറായി വിജയനോ സംസ്ഥാന പൊലീസോ കാണിച്ചിട്ടില്ല. ഭാരതീയ ജനതാപാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ പുതിയതല്ല. സത്യസരണി കേന്ദ്രീകരിച്ച് പോപ്പുലർ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെപ്പറ്റി വളരെ മുൻപ് തന്നെ ബിജെപി ചൂണ്ടിക്കാണിച്ചതാണ്. മുഖ്യമന്ത്രി പദമെന്ന ജീവിതാഭിലാഷം നേടാൻ പിണറായി വിജയൻ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് സമീപ കാലത്ത് കേരളത്തിൽ മതതീവ്രവാദം ശക്തിപ്പെടാൻ കാരണം. മതതീവ്രവാദികളെ കൂട്ടുപിടിച്ച് ഭരണത്തിലെത്തിയ സിപിഎമ്മിന് അവരെ എതിർക്കാൻ താത്പര്യമില്ല. മാത്രമല്ല ഭരണത്തുടർച്ചയെന്ന നടക്കാത്ത സ്വപ്നം സാക്ഷാത്കരിക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടാനാണ് സിപിഎം ശ്രമം. അതാണ് ഭീകരവാദത്തോട് പോലും സന്ധിചെയ്യാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
കേരളത്തിലെ തീവ്രവാദികളുടെ നേഴ്സറിയാണ് സത്യസരണി. ഇത് അടച്ചു പൂട്ടാൻ സർക്കാർ തയ്യാറാകണം. സത്യസരണിയ്ക്കെതിരെ ഹൈക്കോടതി പരാമർശം ഉണ്ടായിട്ടും അവിടെ പരിശോധന നടത്താൻ പൊലീസിന് അനുമതി നൽകാത്തത് ദുരൂഹമാണ്. സ്വർണ്ണകള്ളക്കടത്ത് തെറ്റല്ലെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കണം. സ്വർണ്ണക്കടത്ത് വഴി കിട്ടുന്ന കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഏത് കൊച്ചു കുട്ടിക്കും അറിവുള്ളപ്പോഴാണ് അത് കുറ്റമല്ലെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന. കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളുമായി സെൽഫി എടുത്ത് രസിക്കുന്ന ഇടത് വലത് നേതാക്കൾ രാജ്യത്തിന് ഭീഷണിയാണ്. മാത്രവുമല്ല ഇനിയും അവരെ സഹായിക്കുമെന്ന് പറയുന്ന ജനപ്രതിനിധികൾ മലയാളിയുടെ ഗതികേടല്ലാതെ മറ്റൊന്നുമല്ല.
നാടിനെയും നാട്ടാരേയും സംരക്ഷിക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ജനപ്രതിനിധിയാണ് സർക്കാർ ഭൂമി ഇനിയും കയ്യേറുമെന്ന് പരസ്യമായി പറയുന്നത്. ഇത് കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും സംഭവിക്കുമോ? അഴിമതിക്കെതിരെ ജനങ്ങളെ ജാഗരൂകരാക്കാൻ നടത്തുന്ന ജാഥയുടെ വേദിയിലായിരുന്നു ഈ വെല്ലുവിളി. ഭരണ മുന്നണിയിലെ രണ്ടാമനെ സാക്ഷി നിർത്തി നടത്തിയ ഈ വെല്ലുവിളിയ്ക്കെതിരെയും പ്രതികരിക്കാൻ നട്ടെല്ലുള്ള ഭരണാധികാരികൾ ഇല്ലാതെയായി എന്നത് മലയാളിയുടെ ദുര്യോഗമാണ്. സ്വന്തം മന്ത്രിസഭയിലെ ഒരംഗം പരസ്യമായി വെല്ലുവിളി നടത്തിയതും മുഖ്യമന്ത്രി കണ്ടില്ല, കേട്ടില്ല.
ഊരിപ്പിടിച്ച കത്തിക്ക് മുന്നിലൂടെ ഇരട്ടച്ചങ്കുമായി നടന്നു നീങ്ങി എന്ന ഗീർവാണം മുഴക്കുന്നതല്ല ധീരനായ ഭരണാധികാരിയുടെ ലക്ഷണം. സമൂഹത്തിന് നേരെ ഉയരുന്ന ഓരോ വെല്ലുവിളിയേയും തനിക്ക് നേരെ ഉയരുന്ന ഭീഷണിയായി കരുതി ഭരണാധികാരി നേരിടണം. അതിനാണ് ചങ്കുറപ്പ് കാണിക്കേണ്ടത്. അല്ലാതെ നാല് വോട്ടിനു വേണ്ടി ഏത് കൊള്ളരുതായ്കയും കണ്ടില്ലെന്ന് നടിക്കലല്ല. പ്രബുദ്ധ കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ എതിർക്കേണ്ട ബാധ്യത കേരളം ഭരിച്ചവർക്കും ഭരിക്കുന്നവർക്കുമാണ്. എന്നാൽ അവര്‍ ഇന്ന് രാജ്യവിരുദ്ധരുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു. അതിനാൽ കേരളത്തെ രക്ഷിക്കാനുള്ള ബാധ്യത ഓരോ മലയാളിയും ഏറ്റെടുക്കണം. അഴിമതിക്കും തീവ്രവാദത്തിനും കൂട്ടു നിൽക്കുന്ന ഇടത് വലത് മുന്നണികളെ നോക്കിയിരുന്നാൽ കേരളം ഏറെ വൈകാതെ മറ്റൊരു സിറിയയായി മാറും. അതിന് അനുവദിച്ചു കൂടാ. നമ്മുടെ സുരക്ഷ നാം തന്നെ ഉറപ്പാക്കണം. അതിനുള്ള തീരുമാനമാണ് ഈ കേരളപ്പിറവി ദിനത്തിൽ ഓരോ മലയാളിയും കൈക്കൊള്ളേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.