സന്തോഷ് ശെൽവത്തിനുവേണ്ടി കുണ്ടന്നൂർ അണ്ടർപാസിന് സമീപം പൊലീസ് രാത്രി തിരച്ചിൽ നടത്തുന്നു. ഉൾച്ചിത്രത്തിൽ സന്തോഷ് ശെൽവം 

പുഴയിൽ ചാടിയോ അതോ കാട്ടിലൊളിച്ചോ? രക്ഷപ്പെട്ട കുറുവ സംഘാംഗത്തെ പിടിക്കാൻ 50ലേറെ പൊലീസ്; ഒടുവിൽ കുഴികുത്തി ഒളിച്ച മോഷ്ടാവ് പിടിയിൽ

മരട്/കൊച്ചി: പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച രാത്രിയായിരുന്നു ഇന്നലെ. സിനിമാസ്റ്റൈലിലാണ് സാഹസികമായി പിടികൂടിയ കുറുവ മോഷണസംഘാംഗത്തെ സ്ത്രീകളുൾപ്പെടെ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ച് മോചിപ്പിച്ചതും തുടർന്നുള്ള അന്വേഷണവും. അമ്പതിലേറെ പൊലീസുകാർ കാട്ടിലും പുഴയിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയാണ് ഇയാളെ പിടികൂടിയത്.

ആലപ്പുഴ മണ്ണഞ്ചേരിയിലുൾപ്പെടെ ദിവസങ്ങളായി ഭീതിപടർത്തിയ കവർച്ച സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം​. കുണ്ടന്നൂർ-തേവര പാലത്തിന് താഴെ തമ്പടിച്ച അന്തർസംസ്ഥാനക്കാർക്കിടയിൽ കുറുവ സംഘമുണ്ടെന്ന് കണ്ടെത്തിയ മണ്ണഞ്ചേരി പൊലീസ് ശനിയാഴ്ച വൈകീട്ടോടെ അവിടെനിന്ന്​ സന്തോഷ് ശെൽവത്തെയും മണികണ്ഠൻ എന്നയാളെയും പിടികൂടി. ഇവരെ ആലപ്പുഴക്ക്​ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റുന്നതിനിടെ സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം പൊലീസിനെ ആക്രമിച്ച് ജീപ്പിന്‍റെ ഡോർ തുറന്നുകൊടുക്കുകയായിരുന്നു. തുടർന്ന്​ സന്തോഷ് കൈവിലങ്ങോടെ ചാടി. മണികണ്ഠൻ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. സന്തോഷിനെ സഹായിച്ച ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്തോഷ് പുഴയിൽ ചാടിയെന്നും കാട്ടിൽ ഒളിച്ചെന്നും ഉള്ള സംശയത്തെ തുടർന്ന് കരയിലും വെള്ളത്തിലും പൊലീസ് തിരച്ചിൽ നടത്തി. ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ള വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാരാണ് തിരച്ചിൽ നടത്തിയത്. പുഴയിൽ ബോട്ടിറക്കിയുള്ള പരിശോധനക്ക് അഗ്നിരക്ഷാസേന നേതൃത്വം നൽകി.

സമീപത്തെ കുറ്റിക്കാടുകളിലും പൊലീസ് സംഘം സാഹസിക തിരച്ചിൽ നടത്തി. ഒടുവിൽ രാത്രി പത്തുമണിയോടെ, ചാടിയിടത്തുനിന്ന് ഏറെ അകലെയല്ലാതെ കാടുനിറഞ്ഞ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കുഴികുത്തി ഷീറ്റിട്ട് മറച്ച നിലയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു പ്രതി.

നേരത്തേ ആലപ്പുഴ, മണ്ണഞ്ചേരി ഭാഗത്ത്​ നടന്ന മോഷണങ്ങൾക്കുപിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുറുവ സംഘം തമ്പടിച്ചിരുന്നുവെന്നും ഇതിലൊരാൾ കസ്റ്റഡിയിൽനിന്ന്​ കടന്നെന്നുമുള്ള വാർത്ത പരന്നതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. 

Tags:    
News Summary - Kuruva gang member escapes custody in Kochi, recaptured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.